ഹൈദരാബാദ് എഫ്‌സിയുടെ ആഘോഷം/ കിരീടവുമായി റബീഹ് | Photo: twitter/ hyderabad fc
തന്റെ ആദ്യ ഐഎസ്എല്‍ സീസണില്‍ തന്നെ സ്വന്തം ടീം കിരീടം നേടുന്ന മനോഹര ദൃശ്യം ഏതൊതു താരത്തേയും സന്തോഷിപ്പിക്കും. എന്നാല്‍ ഹൈദരാബാദ് എഫ്‌സിയുടെ മലയാളി താരം അബ്ദുല്‍ റബീഹിന് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തിലെ ഫൈനല്‍ കണ്ണീരില്‍ കുതിര്‍ന്ന കാഴ്ച്ചയാണ് നല്‍കിയത്. ജന്മനാടായ മലപ്പുറം ഒതുക്കുങ്ങലില്‍ നിന്ന് കളി കാണാന്‍ ഗോവയിലേക്ക് പുറപ്പെട്ട പ്രിയപ്പെട്ട കൂട്ടുകാര്‍ വഴിമധ്യേ അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത റബീഹിനെ ഫൈനലിന് മുമ്പേ തേടിയെത്തിയിരുന്നു. റബീഹിന്റെ പിതൃസഹോദര പുത്രന്‍ മുഹമ്മദ് ഷിബിലും അയല്‍വാസിയായ ജംഷീര്‍ മുഹമ്മദുമാണ് കളിക്കുമുമ്പേ കൊഴിഞ്ഞുപോയത്.
ഹൈദരാബാദ് കിരീടം നേടിയ ശേഷം റബീഹിന് ആഘോഷങ്ങളിലൊന്നും പങ്കെടുക്കാനായില്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി എല്ലാം നോക്കിനിന്നു. ഒടുവില്‍ കിരീടത്തിനൊപ്പം ഒരു ചിത്രമെടുത്തു. അതില്‍ റബീഹ് പ്രിയപ്പെട്ട ജംഷീറിനേയും ഷിബിലിനേയും കൂടെ കൂട്ടിയിരുന്നു. സ്വന്തം ജഴ്‌സിയില്‍ ഷിബില്‍ എന്നെഴുതിച്ചേര്‍ത്ത റബീഹ്, ജംഷീര്‍ എന്നെഴുതിയ മറ്റൊരു ജഴ്‌സിയും കൈയില്‍ പിടിച്ചിരുന്നു. ഈ കിരീടം നിങ്ങള്‍ക്കുള്ളതാണെന്ന് റബീഹ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
റബീഹ് നല്‍കിയ ടിക്കറ്റുമായാണ് കളി കാണാന്‍ ഏഴംഗ സംഘം ഗോവയിലേക്ക് പുറപ്പെട്ടത്. ആദ്യം നാല് ടിക്കറ്റും പിന്നീട് മൂന്നുപേര്‍ക്ക് കൂടിയുള്ള ടിക്കറ്റും റബീഹ് അയച്ചുകൊടുത്തു. റബീഹിന്റെ ബൈക്കിലായിരുന്നു ഷിബിലിന്റേയും ജംഷീറിന്റേയും യാത്ര. കാറില്‍ സ്ഥലസൗകര്യമില്ലാത്തതിനാലാണ് ഇരുവരും യാത്ര ബൈക്കിലാക്കിയത്. ഷിബിലാണ് യാത്ര തുടങ്ങുമ്പോള്‍ ബൈക്കോടിച്ചത്. മലപ്പുറത്തുനിന്ന് യാത്ര തുടങ്ങിയശേഷം പലതവണ കാറിനുമുന്നിലും പിന്നിലുമായി സംഘം യാത്രതുടര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ മഴയായതിനാല്‍ ഇടയ്ക്കിടെ നിര്‍ത്തിയാണ് ബൈക്ക് യാത്രക്കാര്‍ സഞ്ചരിച്ചത്.
മഴപെയ്തപ്പോള്‍ ഷിബിലും ജംഷീറും ഉദുമ പാലക്കുന്നില്‍ കടവരാന്തയില്‍ കയറിനിന്നിരുന്നു. മഴതോര്‍ന്ന് ഇറങ്ങിയ ഉടനെയായിരുന്നു അപകടം.

കാഞ്ഞങ്ങാട് കല്ലൂരാവിയിലേക്ക് കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് ബൈക്കിലിടിച്ചത്. പാലക്കുന്നില്‍നിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റര്‍ ദൂരമാണ് ഉദുമ പള്ളത്തേക്ക്. ഈ സമയം കാറിലുള്ള സംഘം കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിയിരുന്നു. നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരുടെ ഫോണിലെ കോള്‍ലിസ്റ്റില്‍നിന്ന് നമ്പറെടുത്താണ് സുഹൃത്തുക്കളെ വിവരമറിയിച്ചത്.
Content Highlights: ISL Hyderabad FC Player Abdul Rabeeh Friends Death
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..