ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ പരിക്കില്‍ നിന്നും മുക്തനായി. ഫിറ്റ്‌നെസ് തെളിയിക്കാനായി താരം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു. ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായാണ് താരം നെറ്റ്‌സിലെത്തിയത്. 

ഐ.പി.എല്ലിന്റെ ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്ന ഇഷാന്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇടത്തേക്കാലിനേറ്റ പരിക്കുമൂലമാണ് താരം നാട്ടിലേക്ക് മടങ്ങിയത്.

എന്‍.സി.എ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡും ഫിസിയോ ആശിഷ് കൗശിക്കും ഇഷാന്തിന്റെ പ്രകടനത്തില്‍ തൃപ്തരാണ്. ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്‍പായി താരം രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചേക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ ഇഷാന്ത് ശര്‍മയ്ക്ക് ഇന്ത്യയ്ക്ക വേണ്ടി നൂറുമത്സരങ്ങള്‍ കളിക്കാനാകും.  അതോടൊപ്പം തന്നെ 300 വിക്കറ്റുകളും നേടാനായേക്കും. 

Content Highlights: Ishant Sharma starts bowling full tilt at NCA