മുംബൈ: 2013-ൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ജെയിംസ് ഫോക്നർക്കെതിരേ ഒരു ഓവറിൽ 30 റൺസ് വഴങ്ങിയതായിരുന്നു തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് ഇന്ത്യയുടെ പേസ് ബൗളർ ഇഷാന്ത് ശർമ. അന്ന് മൊഹാലിയിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചു. ആ നിമിഷം രാജ്യത്തെ ഒറ്റിക്കൊടുത്തതു പോലെയാണ് തോന്നിയതെന്നും മത്സരശേഷം കാമുകിയെ വിളിച്ച് ഒരുപാട് കരഞ്ഞെന്നും ഇഷാന്ത് പറയുന്നു. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയുടെ ക്രിക്കറ്റ്ബാസി എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ പേസ് ബൗളർ.

അന്ന് മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് വിജയിക്കാൻ 18 പന്തിൽ 44 റൺസായിരുന്നു വേണ്ടിയിരുന്നത്. നിർണായക നിമിഷത്തിൽ ധോനി ഇഷാന്തിനെ പന്തേൽപ്പിച്ചു. എന്നാൽ 30 റൺസ് വിട്ടുകൊടുത്ത് ഇഷാന്ത് മത്സരം ഓസ്ട്രേലിയക്ക് അനുകൂലമാക്കി. നാല് സിക്സാണ് ആ ഓവറിൽ ഫോക്നർ അടിച്ചെടുത്തത്. ഇതോടെ ഓസീസിന് 12 പന്തിൽ വിജയിക്കാൻ 14 റൺസ് മാത്രം മതിയായി. 304 റൺസെന്ന ലക്ഷ്യം സന്ദർശകർ മറികടന്നു. പരമ്പരയിൽ 2-1ന്റെ ലീഡും നേടി.

അന്ന് 29 പന്തിൽ നിന്ന് 64 റൺസെടുത്ത ഫോക്നർ ആ കളിയിലെ താരമായപ്പോൾ ഇഷാന്തിന് ടീമിലെ സ്ഥാനം തന്നെ നഷ്ടപ്പെട്ടു. ജീവിതത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട ദിവസങ്ങളായിരുന്നു പിന്നീട് കടന്നുപോയതെന്ന് ഇഷാന്ത് പറയുന്നു.

'ആ സമയത്ത് ഞാൻ രാജ്യത്തേയും എന്നേയും വഞ്ചിച്ചതായി തോന്നി. മൂന്നാഴ്ച്ചയോളം ഞാൻ ആരോടും സംസാരിച്ചില്ല. ഒരുപാട് കരഞ്ഞു. ശരിക്കും ഞാൻ പരുക്കനായ വ്യക്തിയാണ്. എന്നെപ്പോലെ പരുക്കരനായ ഒരാളെ കണ്ടിട്ടില്ല എന്ന് അമ്മ എപ്പോഴും പറയും. എന്നാൽ ഫോണിൽ എന്റെ കാമുകിയെ വിളിച്ച് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. ഒരു ദു:സ്വപ്നം പോലെയായിരുന്നു ആ മൂന്നാഴ്ച്ച കടന്നുപോയത്. ഭക്ഷണത്തോട് താത്‌പര്യമില്ലാതെയായി. ഉറക്കവും നഷ്ടപ്പെട്ടു. ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. ടിവി തുറന്നാൽ എന്നെ വിമർശിക്കുന്ന വാർത്തകൾ മാത്രമേ കാണാനുണ്ടായിരുന്നൂള്ളു. ഇതു എന്നെ കൂടുതൽ തളർത്തി.' ഇഷാന്ത് വെളിപ്പെടുത്തുന്നു.

'ഇന്ന് അതെല്ലാം ആലോചിക്കുമ്പോൾ എനിക്ക് ചിരി വരും. ആ സംഭവത്തിന് ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. 2012-ന് ശേഷം ഞാൻ കാര്യങ്ങൾ കുറച്ചുകൂടി ഗൗരവത്തിൽ കാണാൻ തുടങ്ങി. ഞാൻ മോശം പ്രകടനം പുറത്തെടുത്താൽ അതു സാരമില്ല എന്ന് ആളുകൾ എന്നോട് വന്നു പറയാറുണ്ടായിരുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷം അങ്ങനെയുള്ള വാക്കുകൾ ഞാൻ കേട്ടില്ല. പ്രകടനം മോശമായിട്ടുണ്ടെങ്കിൽ അതു ഗൗരവത്തോടെ കാണാൻ തുടങ്ങി. എന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്ന് തിരിച്ചറിയാൻ തുടങ്ങി. അതിന്റെ എല്ലാ ഉത്തരവാദിത്തവും ഞാൻ തന്നെ ഏറ്റെടുക്കാൻ തുടങ്ങി. അങ്ങനെ ചെയ്യുമ്പോൾ ഓരോ മത്സരവും കളിക്കുന്നത് ടീമിന് വേണ്ടി വിജയിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാകും.' ഇഷാന്ത് കൂട്ടിച്ചേർത്തു.

Content Highlights: Ishant Sharma recalls conceding 30 runs to James Faulkner