മുംബൈ: വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡാരെൻ സമി ഇന്ത്യൻ പ്രീമിയർ ലീഗിനെതിരേ കഴിഞ്ഞ ദിവസം കടുത്ത ആരോപണമുന്നയിച്ചിരുന്നു. ഐ.പി.എല്ലിൽ കളിക്കുന്ന സമയത്ത് കാണികൾ തന്നെ 'കാലു' എന്നു വിളിച്ച് വംശീയമായി അധിക്ഷേപിച്ചുവെന്നും ആ വാക്കിന്റെ അർഥം ഇപ്പോഴാണ് മനസ്സിലാകുന്നതെന്നുമായിരുന്നു സമി വെളിപ്പെടുത്തിയിരുന്നത്.

ഈ ആരോപണം ചർച്ചയാകുന്നതിനിടെ സമി വീണ്ടും രംഗത്തെത്തിയിരുന്നു. വംശീയാധിക്ഷേപം നടത്തിയവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും അല്ലെങ്കിൽ അന്ന് 'കാലു' എന്നു വിളിച്ചവർ തന്നെ ബന്ധപ്പെടണമെന്നും ആ വാക്കിന് സ്നേഹത്തോടെയുള്ള മറ്റൊരു അർഥം കൂടിയുണ്ടെന്ന് തന്നെ ബോധ്യപ്പെടുത്തണമെന്നുമായിരുന്നു സമിയുടെ മുന്നറിയിപ്പ്. സമിയുടെ ഈ ഇൻസ്റ്റഗ്രാം കുറിപ്പു വന്നതോടെ കാണികൾക്കൊപ്പം താരങ്ങളും വംശീയാധിക്ഷേപത്തിൽ പങ്കാളികളാണെന്ന് ഉറപ്പായി.

ഇതോടെ ആ താരങ്ങളെ തേടിപ്പിടിക്കുന്ന തിരക്കിലായിരുന്നു ആരാധകർ. 2013-2014 കാലഘട്ടത്തിൽ സമിക്കൊപ്പം ഐ.പി.എല്ലിൽ കളിച്ചിരുന്ന താരങ്ങളുടെ ചരിത്രം തപ്പിയായിരുന്നു ആരാധകരുടെ അന്വേഷണം. ഒടുവിൽ ഒരു ആരാധകൻ അതു കണ്ടെത്തി. ഇന്ത്യയുടെ പേസ് ബൗളർ ഇഷാന്ത് ശർമയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഈ ആരാധകൻ കുത്തിപ്പൊക്കിയത്. സമിക്കൊപ്പമുള്ള ചിത്രം പോസ്റ്റുചെയ്തിട്ടുള്ള ഇഷാന്ത് അതിൽ വിൻഡീസ് താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത് കാലു എന്നാണ്. ഈ ചിത്രത്തിൽ ഇരുവർക്കുമൊപ്പം സൺറൈസേഴ്സ് താരങ്ങളായിരുന്ന ഭുവനേശ്വർ കുമാറും ഡെയ്ൽ സ്റ്റെയ്നുമുണ്ട് 'ഞാൻ, ഭുവി, കാലു, ഗൺ സൺറൈസേഴ്സ്'- എന്നാണ് ഈ ചിത്രത്തിന് ഇഷാന്ത് നൽകിയിരിക്കുന്ന കുറിപ്പ്.

ഇതിന് പുറമേ സൺറൈസേഴ്സ് മുൻതാരവും മെന്ററുമായ വിവിഎസ് ലക്ഷ്മണ് ഡാരൻ സമി തന്നെ അയച്ച ജന്മദിനാശംസയും ആരാധകർ കണ്ടെത്തി. 2014 നവംബർ ഒന്നിലെ ഈ ട്വീറ്റിൽ സമി തന്നെ വിശേഷിപ്പിക്കുന്നത് 'ഡാർക്ക് കാലു' എന്നാണ്. 'സന്തോഷ ജന്മദിനം നേരുന്നു, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ, ഈ കറുത്ത കാലുവിനെ ഓർക്കുന്നുണ്ടോ?' ഇതായിരുന്നു സമിയുടെ ട്വീറ്റ്. ഇതോടെ ലക്ഷ്മൺ സമിയെ വിളിച്ചിരുന്ന ഡാർക്ക് കാലു എന്നായിരിക്കും എന്നാണ് ആരാധകരുടെ കണ്ടെത്തൽ.