ഇന്‍ഡോര്‍: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഒരു സര്‍പ്രൈസ് താരമുണ്ടാകുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. ഒരു പേസ് ബൗളറായിരിക്കും ഈ സര്‍പ്രൈസ് താരം. കൂടുതല്‍ പേസര്‍മാരെ വരും മത്സരങ്ങളില്‍ പരീക്ഷിച്ചേക്കുമെന്നും കോലി വ്യക്തമാക്കി. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ വിജയിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി. 

'ട്വന്റി-20 ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയയിലേക്ക് ഒരു സര്‍പ്രൈസ് താരമുണ്ടാകും. മികച്ച പേസിലും ബൗണ്‍സിലും പന്ത് എറിയാന്‍ കഴിയുന്ന താരം. ആഭ്യന്തര ക്രിക്കറ്റില്‍ പ്രസിദ്ധ് കൃഷ്ണ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും മികച്ച ബൗളിങ് നിരയുണ്ട്. ലോകകപ്പില്‍ ഇന്ത്യക്ക് കൂടുതല്‍ ബൗളിങ് ഓപ്ഷനുണ്ട്.'കോലി വ്യക്തമാക്കി.

പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ബുംറ മികച്ച പേസില്‍ പന്തെറിയുന്നത് ആത്മവിശ്വാസം നല്‍കുന്നു. കഴിഞ്ഞ പരമ്പരകളില്‍ നിന്ന് കൂടുതല്‍ കരുത്തരായി മുന്നോട്ടുകുതിക്കുകയാണ് ഇന്ത്യ. ഈ വിജയം ടീമിന് മുതല്‍ക്കൂട്ടാണ്. കോലി കൂട്ടിച്ചേര്‍ത്തു. 

ലങ്കയ്‌ക്കെതിരായ മത്സരത്തിലും കളിയിലെ താരമായതും ഒരു പേസ് ബൗളറാണ്. 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് നിര്‍ണായക വിക്കറ്റെടുത്ത നവദീപ് സയ്‌നി. ട്വന്റി-20 മത്സരങ്ങള്‍ സയ്‌നിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും സയ്‌നി ഇനി ഏകദിനത്തിലും കളിക്കണമെന്നും കോലി ചൂണ്ടിക്കാട്ടുന്നു. 

അതേസമയം കര്‍ണാടക പേസ് ബൗളറായ പ്രസിദ്ധ് കൃഷ്ണയുടെ പേര് കോലി പരാമര്‍ശിച്ചതോടെ സര്‍പ്രൈസ് താരം പ്രസിദ്ധ് ആയിരിക്കുമെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരം കൂടിയാണ് ഈ 23-കാരന്‍. 2015-ല്‍ ബംഗ്ലാദേശ് എ ടീം ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോള്‍ പ്രസിദ്ധ് അഞ്ചു വിക്കറ്റെടുത്ത് താരമായിരുന്നു. അന്ന് പത്തൊമ്പതുകാരനായിരുന്നു പ്രസിദ്ധ്.

Content Highlights: Is Prasidh Krishna Virat Kohli's World T20 surprise package