ഗ്രീൻഫീൽഡ് സ്റ്റേഡിയം, യുവരാജ് സിങ് |ഫോട്ടോ:PTI
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരം കാണാന്‍ കാണികള്‍ കുറഞ്ഞതില്‍ ആശങ്കപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. സ്റ്റേഡിയത്തിന്റെ പകുതിയും കാലിയാണെന്ന് ആശങ്കയറിയിച്ച യുവരാജ് ഇത് ഏകദിന ക്രിക്കറ്റ് മരിക്കുന്നതിന്റെ സൂചനയാണോയെന്നും ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് കാണികളുടെ കുറവ് സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് യുവരാജിന്റെ പ്രതികരണം. 55000 ത്തോളം പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആറായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയിരുന്നത്. ഇതിന് മുമ്പ് തിരുവനന്തപുരത്ത് നടന്ന മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണങ്ങളുണ്ടായിരുന്നെങ്കില് ഇത്തവണ കാണികള്‍ കുറഞ്ഞത് കെ.സി.എയെ ആശങ്കയിലാക്കിയിട്ടുണ്ട്.
ടിക്കറ്റ് വില്‍പ്പന കുറഞ്ഞാല്‍ ഇനിവരുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ കാര്യവട്ടം സ്റ്റേഡിയത്തെ പരിഗണിക്കുന്നതില്‍ പുനരാലോചന വന്നേക്കാമെന്നാണ് കരുതുന്നത്. കാര്യവട്ടത്ത് ഇത് രണ്ടാമത്തെ ഏകദിന മത്സരമാണ് നടക്കാന്‍ പോകുന്നത്. ഇതിനുമുമ്പ് 2018 ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ഏകദിനമാണ് ആദ്യത്തേത്. കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ നടന്ന മറ്റ് മൂന്ന് മത്സരങ്ങളും ട്വന്റി20 മത്സരങ്ങളായിരുന്നു.
ഇത്തവണ താരങ്ങള്‍ എത്തിയപ്പോഴും സാധാരണ ഗതിയില്‍ കാണാറുള്ള ആവേശമൊന്നും വിമാനത്താവളത്തിലുമുണ്ടായിരുന്നില്ല. പരമ്പര ഇന്ത്യയ്ക്ക് ലഭിച്ചതിനാല്‍ ഇന്ന് നടക്കുന്ന മത്സരം വലിയ ആവേശമുണ്ടാക്കില്ലെന്ന വിലയിരുത്തലും ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമൊക്കെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഏകദിന മത്സരങ്ങള്‍ക്ക് രാജ്യത്ത് പൊതുവെ സ്വീകാര്യത കുറഞ്ഞുവരുന്നുവെന്നതിന്റെ സൂചനയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlights: "Is one day cricket dying?" Yuvraj Singh concerned over the future of ODIs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..