ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ സിക്‌സുകള്‍ കൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്ന യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നോ? തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്ന സമയത്ത് അങ്ങനെയൊരു കഥ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതൊക്കെ കെട്ടുകഥകളാണ് എന്നതാണ് വാസ്തവം.

സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധി പേരാണ് ഗെയ്ല്‍ ബി.ജെ.പി പ്രചരണത്തിന് ഇറങ്ങി എന്ന വാര്‍ത്ത ഷെയര്‍ ചെയ്തിരിക്കുന്നത്. കാവി കുറിയും ബി.ജെ.പിയുടെ കാവി നിറത്തോട് ഇണങ്ങുന്ന കുര്‍ത്തയും ധരിച്ചുള്ള ഗെയ്‌ലിന്റെ ചിത്രവും ഇവര്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റിനൊപ്പമുണ്ട്. യഥാര്‍ഥത്തില്‍ ഇതില്‍ ചിലത് ബി.ജെ.പിക്കെതിരായ ട്രോളുകളായി പോസ്റ്റ് ചെയ്തതായിരുന്നു. എന്നാല്‍ ട്രോളാണെന്ന് മനസ്സിലാക്കാതെ ചില ബി.ജെ.പി പ്രവര്‍ത്തകരും ഇത് ഷെയര്‍ ചെയ്തു.

ഈ ചിത്രങ്ങളെല്ലാം ഗെയ്‌ലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ളതാണ്. ആദ്യത്തെ ഓറഞ്ച് കുര്‍ത്തയിലുള്ള ചിത്രം 2018 ഏപ്രില്‍ 25-ന് ഗെയ്ല്‍ പോസ്റ്റ് ചെയ്തതാണ്. കാവി ഷാള്‍ ധരിച്ചുള്ള ചിത്രം 2018 ഏപ്രില്‍ മൂന്നിന് ഇന്ത്യയില്‍ ഐ.പി.എല്‍ കളിക്കാന്‍ വന്നപ്പോള്‍ ഇട്ടതാണ്. അന്ന് ഹോട്ടലില്‍ സ്വീകരണത്തിന്റെ ഭാഗമായി അണിയിച്ച ഷാളില്‍ ബി.ജെ.പിയുടെ ചിഹ്നമായ താമര ഫോട്ടോഷോപ്പ് ചെയ്തു ചേർത്താണ് ഇപ്പോൾ പ്രചരിക്കുന്നത്.

കഴിഞ്ഞ ഐ.പി.എല്‍ സീസണിന്റെ സമയത്തും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗെയ്ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നും ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ പോകുന്നു എന്നുമൊക്കെയായിരുന്നു അന്നത്തെ പ്രചരണം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇത്.

chris gayle

 

 

Content Highlights: Is Chris Gayle campaigning for BJP in Lok Sabha polls?