Irfan Pathan and Kumar Sangakkara Photo Courtesy: Irfan Pathan FB|Getty Images
രാജ്കോട്ട്: ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനായ കുമാര്‍ സംഗക്കാരയുമായി കളിക്കളത്തില്‍ കോര്‍ത്ത സംഭവം അനുസ്മരിച്ച് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാന്. കഴിഞ്ഞ ദിവസം ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച പഠാന് ക്രിക്കറ്റിലെ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് ഈ സംഭവം ഓര്‍ത്തെടുത്തത്. 2005-ല്‍ ഡല്‍ഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ (ഇപ്പോള്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം) നടന്ന ഒരു ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം.
വീരേന്ദര്‍ സെവാഗ് പരിക്കേറ്റതിനാല്‍ രണ്ടാം ഇന്നിങ്സില്‍ ഇര്ഫാന് പഠാനാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ആ മത്സരത്തില്‍ ടോപ്പ് സ്കോററായ പഠാന് 93 റണ്‍സ് അടിച്ചെടുത്തു. മത്സരത്തില്‍ ലങ്കയെ 188 റണ്‍സിന് ഇന്ത്യ തോല്‍പ്പിക്കുകയും ചെയ്തു.
ഈ 93 റണ്‍സ് ഇന്നിങ്സിനിടെയാണ് പഠാനും സംഗക്കാരയും കോര്‍ത്തത്. മുത്തയ്യ മുരളീധരന് ബോള്‍ ചെയ്യുമ്പോള്‍ ക്രീസില്‍ പഠാനായിരുന്നു. ഈ സയമത്ത് വിക്കറ്റ് കീപ്പറായ സംഗക്കാര പഠാനെ പ്രകോപിപ്പിച്ചു. മത്സരം കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയപ്പോഴായിരുന്നു അത്. എന്റെ വ്യക്തിപരമായ കാര്യത്തെ കുറിച്ച് വളരെ മോശപ്പെട്ട രീതിയില്‍ സംഗക്കാര സംസാരിച്ചു. ഞാനും അതുപോലെ തിരിച്ചുപറഞ്ഞു. അദ്ദേഹം എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി ബന്ധപ്പെട്ട് മോശം കാര്യങ്ങള്‍ പറഞ്ഞു.'പഠാന് ഓര്‍ത്തെടുക്കുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.പി.എല്ലില്‍ കിങ്സ് ഇലവന് പഞാബിന് വേണ്ടി പഠാനും സംഗക്കാരയും ഒരുമിച്ചുകളിച്ചു. അന്ന് സംഗക്കാരയുടെ ഭാര്യയുമായി പഠാന് മുഖാമുഖം വന്നു. ഇതോടെ ഭാര്യയുടെ കണ്ണില്‍പെടാതെ പഠാന് ഒളിച്ചുനടന്നു. സംഗക്കാരയുടെ വലതുവശത്തുകൂടി ഭാര്യ വന്നാല്‍ ഇടതുവശത്തുകൂടി പഠാന് മുങ്ങും. ഇതായിരുന്നു അവസ്ഥ.
എന്നാല്‍ ഒരു ദിവസം പിടിക്കപ്പെട്ടു. 'ഇയാളാണ് തന്നെ കുറിച്ച് അധിക്ഷേപിച്ച് സംസാരിച്ചത്' അന്ന് പഠാനെ ചൂണ്ടിക്കാട്ടി സംഗക്കാര ഭാര്യയോട് പറഞ്ഞു. ഇതോടെ ഇന്ത്യന്‍ താരം ക്ഷമ ചോദിക്കുകയായിരുന്നു. എല്ലാത്തിനും തുടക്കമിട്ടത് താനാണെന്നും അതിന് മറുപടിയായിട്ടാണ് പഠാന് മോശം രീതിയില്‍ സംസാരിച്ചതെന്നും സംഗക്കാര ഭാര്യയോട് പറഞ്ഞു. ഇതോടെ ആ സംഭവം അവസാനിക്കുകയും സംഗക്കാര അടുത്ത സുഹൃത്തായി മാറിയെന്നും പഠാന് പറയുന്നു.
Content Highlights: Irfan Pathan recalls sledge fest with Kumar Sangakkar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..