ന്യൂഡൽഹി: ആദ്യമായി ഐ.പി.എല്ലിലെ ഉത്തേജക മരുന്ന് നിയന്ത്രണത്തിന്റെ ചുമതല ലഭിച്ച നാഡ (ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി) താരങ്ങളുടെ സാമ്പിൾ ശേഖരണത്തിന്റെ ചുമതല മറ്റൊരു ഏജൻസിയെ ഏൽപ്പിക്കാനൊരുങ്ങുന്നു. ഐ.പി.എല്ലിന്റെ 13-ാം പതിപ്പ് യു.എ.ഇയിൽ നടക്കുമെന്ന് ഉറപ്പായതോടെ സാമ്പിൾ ശേഖരണത്തിനുള്ള ഉയർന്ന ചെലവ് കണക്കിലെടുത്താണ് നാഡയുടെ നടപടി.

കഴിഞ്ഞ 12 സീസണുകളിലായി ഐ.പി.എല്ലിൽ താരങ്ങളുടെ സാമ്പിൾ ശേഖരണവും പരിശോധനയും നടത്തിയ സ്വീഡന്റെ ഇന്റർനാഷണൽ ഡോപ്പ് ടെസ്റ്റ് ആന്റ് മാനേജ്മെന്റിനെയോ (ഐ.ഡി.ടി.എം) അല്ലെങ്കിൽ യു.എ.ഇയുടെ നാഷണൽ ആന്റി-ഡോപ്പിങ് ഓർഗനൈസേഷനെയോ (എൻ.എ.ഡി.ഒ) ബന്ധപ്പെടുക എന്നതാണ് ഇക്കാര്യത്തിൽ നാഡയ്ക്കു മുന്നിലുള്ള അടുത്ത ഓപ്ഷൻ.

2019 മൂന്നാം പാദം മുതലാണ് ബി.സി.സി.ഐ നാഡയുടെ പരിധിയിൽ വന്നത്. ഇതിനു ശേഷമുള്ള നാഡയുടെ ആദ്യ പ്രധാന ടൂർണമെന്റാണ് സെപ്റ്റംബർ 19 മുതൽ നവംബർ എട്ടുവരെ നടക്കുന്ന ഈ വർഷത്തെ ഐ.പി.എൽ.

2019 ഓഗസ്റ്റിൽ നാഡ ഡയറക്ടർ ജനറൽ നവീൻ അഗർവാളും ദേശീയ സ്പോർട്സ് സെക്രട്ടറി രാധേശ്യാം ജുലാനിയയും ബി.സി.സി.ഐ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ രാഹുൽ ജോഹ്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് ക്രിക്കറ്റ് താരങ്ങളെ നാഡയുടെ പരിശോധനകൾക്ക് വിധേയരാക്കാൻ ബി.സി.സി.ഐ സമ്മതിച്ചത്.

ഉത്തേജക വിരുദ്ധ ഏജൻസിയുടെ നയങ്ങൾ ക്രിക്കറ്റ് ബോർഡിനും ബാധകമാണെന്ന വ്യവസ്ഥ ബി.സി.സി.ഐ. അംഗീകരിച്ചു. ഇതോടെ ബി.സി.സി.ഐ.യും ഒരു ദേശീയ സ്പോർട്സ് ഫെഡറേഷനായി മാറും.

Content Highlights: IPL Anti Doping measures NADA might outsource sample collection