ന്യൂഡല്‍ഹി: 2022 സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ക്രിക് ബസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഉദ്ഘാടന മത്സരത്തിന് ചെന്നൈ ആയിരിക്കും വേദി. 

ഇത്തവണ പത്ത് ടീമുകളാണ് ഐ.പി.എല്ലില്‍ മാറ്റുരയ്ക്കുന്നത്. അഹമ്മദാബാദ്, ലഖ്‌നൗ എന്നീ നഗരങ്ങളില്‍ നിന്നാണ് പുതിയ രണ്ട് ടീമുകള്‍ ഐ.പി.എല്ലിലേക്ക് വന്നത്. അതുകൊണ്ടുതന്നെ മത്സരങ്ങളുടെയും ദിവസങ്ങളുടെയും എണ്ണം വര്‍ധിക്കും. 

നിലവിലെ സാഹചര്യത്തില്‍ അറുപതിലധികം ദിവസങ്ങള്‍ എടുത്താല്‍ മാത്രമേ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാകൂ. അങ്ങനെവരുമ്പോള്‍  ജൂണ്‍ ആദ്യവാരമായിരിക്കും ഫൈനല്‍. 

2022 ഐ.പി.എല്‍ ഇന്ത്യയില്‍ വെച്ചുതന്നെ നടത്തുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരത്തേ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണ്‍ ഇന്ത്യയില്‍ വെച്ച് ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം മൂലം പാതി വഴിയില്‍ നിര്‍ത്തേണ്ടിവന്നു. പിന്നീട് യു.എ.ഇയില്‍ വെച്ചാണ് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചത്. 

Content Highlights: IPL 2022 Likely to Begin on April 2 in Chennai Report