ടോക്യോ: ഒളിമ്പിക്‌സില്‍ പുതിയ കായിക ഇനങ്ങള്‍ ചേര്‍ക്കാനും നിലവിലുള്ളവ ഒഴിവാക്കാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി)ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം വന്നു. ഇതോടെ 2024-ല്‍ പാരിസില്‍ നടക്കുന്ന അടുത്ത ഒളിമ്പിക്‌സില്‍ നിന്ന് ഭാരോദ്വഹനം ഒഴിവാക്കാന്‍ സാധ്യതയേറി. അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷനിലെ വര്‍ഷങ്ങളായുള്ള അഴിമതിയും ഉത്തേജക വിവാദങ്ങളുമാണ് ഇതിന് കാരണം.

ബോക്‌സിങ്ങിലും ഇനങ്ങള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്റെ രീതികളോട് ഐഒസിക്ക് കടുത്ത വിയോജിപ്പാണ്. ടോക്യോ ഒളിമ്പിക്‌സിലെ ബോക്‌സിങ് മത്സരങ്ങളുടെ ഉത്തരവാദിത്തതില്‍ നിന്ന് ബോക്‌സിങ് ഫെഡറേഷനെ രണ്ടു വര്‍ഷം മുമ്പ് ഐഒസി ഒഴിവാക്കിയിരുന്നു. അതേസമയം ബ്രേക് ഡാന്‍സിങ് പാരിസില്‍ അരങ്ങേറും. സ്‌കേറ്റ് ബോര്‍ഡിങ്ങും ക്ലൈംബിങ്ങും സര്‍ഫിങ്ങും തുടരുകയും ചെയ്യും. 

ഐഒസിയിലെ അംഗമായിരുന്ന ടമാസ് അജാനാണ് കഴിഞ്ഞ വര്‍ഷം വരെ അന്താരാഷ്ട്രെ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷനെ നയിച്ചിരുന്നത്. രണ്ടു പതിറ്റാണ്ടുകാലം ഫെഡറേഷന്റെ തലപ്പത്ത് അദ്ദേഹമായിരുന്നു. ഈ സമയത്ത് അഴിമിതയും ഉത്തേജക വിവാദങ്ങളും നിറഞ്ഞതായിരുന്നു ഭാരോദ്വഹനം. ഇതിനെ കുറിച്ച് ഒരു ജര്‍മന്‍ മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

റിയോ ഒളിമ്പിക്‌സിലെ ബോക്‌സിങ് നടത്തിപ്പിനെച്ചൊല്ലി ഉയര്‍ന്ന സംശയങ്ങളാണ് ബോക്‌സിങ് ഫെഡറേഷനെതിരെ ഐഒസി തിരിയാന്‍ കാരണം. ബോക്‌സിങ് ഫെഡറേഷനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഐഒസിക്ക് അതൃപ്തിയുണ്ട്. ടോക്യോ ഒളിമ്പിക്‌സിലെ ബോക്‌സിങ് മത്സരങ്ങളുടെ നടത്തിപ്പ് വിലയിരുത്തിയാകും പാരിസ് ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങിന്റെ ഭാവി തീരുമാനമാകുക. പുതിയ പ്രസിഡന്റ് ഉമര്‍ ക്രെംലേവിന് കീഴില്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളും ഐഒസി വിലയിരുത്തും.

Content Highlights: IOC gives itself more powers to remove sports from Olympics and fate of weightlifting