ടോക്യോ: ഒളിമ്പിക്‌സിനെതിരേ ജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ടെങ്കിലും മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി (ഐ.ഒ.സി).

കോവിഡ് -19 നെ നേരിടാന്‍ ജാപ്പനീസ് സര്‍ക്കാരിനു കഴിയുമെന്നും ഗെയിംസ് ചരിത്രപരമായ ഒരു സംഭവമാകുമെന്നും ഉറപ്പുണ്ടെന്ന് ഐ.ഒ.സി വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ടോക്യോ ഒളിമ്പിക് കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷം ജൂലായ് 23 മുതലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മാസത്തില്‍ താഴെ മാത്രം ബാക്കിനില്‍ക്കേ ജപ്പാന്‍ ഇപ്പോഴും കോവിഡിനെതിരായ പോരാട്ടത്തിലാണ്.

അതേസമയം ജപ്പാനില്‍ നടത്തിയ സര്‍വ്വേകള്‍ കാണിക്കുന്നത് ഭൂരിഭാഗം ജനങ്ങള്‍ക്കും ഒളിമ്പിക്‌സ് നടത്തുന്നതിനോട് യോജിപ്പില്ലെന്നതാണ്. 

ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള 10,500 അത്ലറ്റുകളില്‍ 70 ശതമാനം പേരും ഇതിനോടകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. 

ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ടോക്യോ ഒളിമ്പിക്സ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്പാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ടോക്യോ നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. ഒളിമ്പിക്സ് നടത്തരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഓണ്‍ലൈന്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതില്‍ ഒപ്പുവെച്ചത്. 

ഒളിമ്പിക്സ് സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഒളിമ്പിക്സിന്റെ പ്രധാന വേദിയായ നാഷണല്‍ സ്റ്റേഡിയത്തിന് പുറത്താണ് നിരവധി ആളുകള്‍ പ്രതിഷേധവുമായി അണിനിരന്നത്. പാവങ്ങളെ മരണത്തിന് എറിഞ്ഞുകൊടുക്കുന്ന നടപടിയാണ് ഭരണകൂടം ഒളിമ്പിക്സ് നടത്താന്‍ ഒരുങ്ങുന്നതിലൂടെ ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. 

ജപ്പാനില്‍ കോവിഡ് മരണനിരക്ക് കുറവാണെങ്കിലും വൈറസിന്റെ വ്യാപനതോത് ഉയരുകയാണ്. വാക്സിനേഷനും പതുക്കെയാണ് പുരോഗമിക്കുന്നത്. എന്നാല്‍ ഒളിമ്പിക്സുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ഇപ്പോഴും സര്‍ക്കാര്‍.

Content Highlights: IOC confident of hosting Tokyo Olympics as scheduled despite public opposition