ലാഹോര്‍: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. വിഖ്യാത ഹൃദ്രോഗവിദഗ്ദ്ധന്‍ പ്രൊഫ. അബ്ബാസ് കാസിമാണ് ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്.

ഇന്‍സമാം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നതായി ക്രിക്കറ്റ് പാകിസ്താന്‍ അറിയിച്ചു. നേരത്തെ പരിശോധന നടത്തിയെങ്കിലും കാര്യമായ പ്രശ്‌നമൊന്നും കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി നെഞ്ചുവേദന കടുക്കുകയും ശ്വാസതടസ്സം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. 

ഇന്‍സമാം ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചു.

പാകിസ്താനുവേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് അമ്പത്തിയൊന്നുകാരനായ ഇന്‍സ്മാം. 375 ഏകദിനങ്ങളില്‍ നിന്ന് 11701 ഉം 119 ടെസ്റ്റില്‍ നിന്നും 8829 റണ്‍സുമാണ് സമ്പാദ്യം. മൂന്ന് വര്‍ഷം പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്‌റായും സേവനമനുഷ്ഠിച്ചിരുന്നു. 2016 ടിട്വന്റി ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നു.

Content Highlights: Inzamam-ul-Haq hospitalised after heart attack