കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണം അവസാനിപ്പിച്ച് ശ്രീലങ്കന്‍ പോലീസ്.
ആരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന അരവിന്ദ ഡിസില്‍വ, ലങ്കന്‍ താരം ഉപുള്‍ തരംഗ, മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ എന്നിവരെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആരോപണം തെളിയിക്കുന്ന യാതൊരു തെളിവുകളും കണ്ടെത്താനായില്ലെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
ഇതുവരെ നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കായിക മന്ത്രാലയത്തിന് അയക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം തലവന്‍ ജഗത് ഫൊന്‍സേക മാധ്യമങ്ങളോട് പറഞ്ഞു. കളിക്കാരെ ഇനിയും ചോദ്യം ചെയ്യേണ്ടതില്ലെന്നും ടീം അംഗങ്ങളെ മുഴുവനും വിളിച്ചു വരുത്തി ചോദ്യം ചെയ്യുക എന്നത് അനാവശ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2011 ലോകകപ്പില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തെ തുടര്‍ന്നാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്.
ഫൈനല്‍ മത്സരത്തില്‍ വരുത്തിയ അപ്രതീക്ഷിത മാറ്റങ്ങളടക്കം ചൂണ്ടിക്കാണിച്ചായിരുന്നു അലുത്ഗാമേജയുടെ ആരോപണം. എന്നാല്‍ കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ, ഉപുള്‍ തരംഗ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം ലഭിച്ചുവെന്നും അന്വേഷണ സംഘം തലവന്‍ ജഗത് ഫൊന്‍സേക വ്യക്തമാക്കി.
വെള്ളിയാഴ്ച കൊളംബോയിലെ സുഗദാദസ സ്റ്റേഡിയത്തിലെ ശ്രീലങ്കന്‍ കായിക മന്ത്രാലയം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലാണ് മഹേളയെ ചോദ്യം ചെയ്തത്. 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരേ സെഞ്ചുറി നേടിയ താരമാണ് മഹേള. ഇതില്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയെ പത്തു മണിക്കൂറോളമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നീണ്ടുപോയതോടെ അധികൃതര്‍ സംഗക്കാരയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ശ്രീലങ്കയിലെ യുവജന സംഘടനയായ സമാഗി തരുണ ബലവേഗയ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദ ഡിസില്‍വയായിരുന്നു. ആറു മണിക്കൂറോളമാണ് പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്.
കൊളംബോയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ച ഉപുള്‍ തരംഗയെ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 2011-ല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 20 പന്തില്‍ നിന്ന് വെറും രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്തായ താരമാണ് തരംഗ.
ദിവസങ്ങള്‍ക്കു മുമ്പ് ശ്രീലങ്കന്‍ മാധ്യമമായ സിരാസ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് 2011-ലെ ലോകകപ്പ് ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി മഹിന്ദാനന്ദ അലുത്ഗാമേജ രംഗത്തെത്തിയത്. ശ്രീലങ്കന്‍ കളിക്കാരെ താന്‍ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നില്ലെന്നും എങ്കിലും ചില ഗ്രൂപ്പുകള്‍ ഇതില്‍ പങ്കാളികളാണെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം.
നേരത്തെ 1996-ല്‍ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകന്‍ അര്‍ജുന രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഫൈനല്‍ നടക്കുമ്പോള്‍ കമന്റേറ്ററായി രംണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ക്യാച്ചുകള്‍ കൈവിടുന്നത് അടക്കമുള്ള ഫീല്‍ഡിങ് പിഴവുകള്‍ നോക്കുമ്പോള്‍ ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിരന്തരം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇക്കാര്യം അന്വേഷിക്കാന്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം ഉത്തരവിട്ടത്.
Content Highlights: insufficient evidence Sri Lanka police calls off 2011 WC final fixing probe