ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാം വഴി ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും.

176 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാമത്. 975,000 ഡോളര്‍ (6,72,48,675 രൂപ) ആണ് റൊണാള്‍ഡോയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്ന പ്രതിഫലം.

ഈ പട്ടികയില്‍ ആദ്യ പത്തില്‍ വിരാട് കോലിയുമുണ്ട്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് കോലി. 196,000 ഡോളര്‍  (1,35,20,668 രൂപ) ആണ് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോലിക്ക് ലഭിക്കുന്നത്. 38 ദശലക്ഷം ഫോളോവേഴ്‌സാണ് കോലിക്കുള്ളത്. പട്ടികയിലെ ആദ്യ 16-ല്‍ ഉള്‍പ്പെട്ട ഏക ക്രിക്കറ്റ് താരവും കോലിയാണ്. ബാഴ്‌സ താരം ലൂയിസ് സുവാരസ്, യു.എഫ്.സി ഇതിഹാസം കോണര്‍ മഗ്രിഗര്‍, ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ, ബോക്‌സിങ് ഇതിഹാസം ഫ്ലോയ്ഡ് മെയ്‌വെതര്‍ എന്നിവരെല്ലാം ഇക്കാര്യത്തില്‍ കോലിക്ക് പിന്നിലാണ്.

ഒരു പോസ്റ്റിന് 722,000 ഡോളര്‍  (4,98,05,726 രൂപ) പ്രതിഫലം വാങ്ങുന്ന ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മറാണ് ഈ പട്ടികയില്‍ രണ്ടാമത്. 

ബാഴ്‌സ താരം ലയണല്‍ മെസി മൂന്നാം സ്ഥാനത്താണ്. 648,000 ഡോളര്‍ (4,47,05,844 രൂപ) ആണ് മെസിയുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ലഭിക്കുന്നത്.

വിരമിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം പട്ടികയില്‍ നാലാമതുണ്ട്. 357,000 ഡോളര്‍ (2,46,29,608 രൂപ) ആണ് ബെക്കാമിന് ഇന്‍സ്റ്റാഗ്രാം വഴി ലഭിക്കുന്നത്. 

അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ലെബ്രോള്‍ ജെയിംസ്, റൊണാള്‍ഡീന്യോ, ഗാരെത് ബെയ്ല്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, ലൂയിസ് സുവാരസ്, കോണര്‍ മഗ്രിഗര്‍, മുഹമ്മദ് സലാ, അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം സ്റ്റീഫന്‍ കറി, ഫ്ലോയ്ഡ് മെയ്‌വെതര്‍, അമേരിക്കന്‍ വനിതാ റസ്ലര്‍ റോണ്‍ഡ റൗസി, ടെന്നീസ് താരം സെറീന വില്യംസ് എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങള്‍.

Content Highlights: Instagram's highest paid list Cristiano Ronaldo leads Virat Kohli ranked 9th