ന്യൂഡല്‍ഹി:  ഇന്ത്യയുടെ റിലേ ടീമുകള്‍ക്ക് ഒളിമ്പിക് യോഗ്യതാ മത്സരമായ ലോക അത്‌ലറ്റിക്‌സ് റിലേ നഷ്ടമായേക്കും. മെയ് ഒന്നു മുതല്‍ പോളണ്ടില്‍ ആരംഭിക്കുന്ന ലോക അത്‌ലറ്റിക്‌സ് റിലേയിലാണ് ഇന്ത്യയുടെ 4x400 മീറ്റര്‍ റിലേ പുരുഷ ടീമും 4x100 മീറ്റര്‍ റിലേ വനിതാ ടീമും പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി.

വ്യാഴാഴ്ച്ച മൂന്നു മണിക്ക് ആംസ്റ്റര്‍ഡാമിലേക്കുള്ള ഫ്‌ളൈറ്റിലായിരുന്നു ഇന്ത്യന്‍ ടീം പോകേണ്ടിയിരുന്നത്. ആംസ്റ്റര്‍ഡാമില്‍ നിന്നാണ് ഇന്ത്യ പോളണ്ടിലേക്ക് വിമാനം കയറുക. എന്നാല്‍ ഹോളണ്ട് അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ടീമിന്റെ ആംസ്റ്റര്‍ഡാം യാത്ര മുടങ്ങി. താരങ്ങളെ മെയ് ഒന്നിന് മുമ്പ് പോളണ്ടിലെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ അത്‌ലറ്റിക്് ഫെഡറേഷന്‍ അന്വേഷിക്കുന്നുണ്ട്. 

വനിതകളുടെ 4X100 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ പ്രധാന സ്പ്രിന്റര്‍മാരായ ഹിമ ദാസ്, ദ്യുതി ചന്ദ്, ധനലക്ഷ്മി ശേഖര്‍, അര്‍ച്ചന സുശീന്ദ്രന്‍, ധനേശ്വരി ടിഎ, ഹിമശ്രീ റോയ് എന്നിവരാണ് ഉള്‍പ്പെടുന്നത്. പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അനസ് യഹ്‌യ, ആരോക്യ രാജീവ്, അമോജ് ജേക്കബ്, നിര്‍മല്‍ നോഹ് ടോം, സാര്‍ത്ഥക് ഭാംബ്രി എന്നിവരാണുള്ളത്. 

Content Highlights: Indias relay teams on verge of missing Olympic qualifiers in Poland due to flight suspension