ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ വെച്ച് നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ വനിതാസംഘം ഫൈനലില്‍ പ്രവേശിച്ചു. ദീപിക കുമാരി, അങ്കിത ഭഗത്, കൊമാലിക ബാരി എന്നിവരടങ്ങുന്ന സംഘമാണ് ഫൈനലില്‍ പ്രവേശിച്ചത്. 

മത്സരത്തിലെ ടോപ് സീഡായ ഇന്ത്യ സ്‌പെയിനിനെ തകര്‍ത്താണ് ഫൈനലിലെത്തിയത്. 6-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളുടെ വിജയം. ഫൈനലില്‍ ഇന്ത്യ രണ്ടാം സീഡായ മെക്‌സിക്കോയെ നേരിടും. 

സ്‌പെയിനിന്റെ എലിയ കാനാലെസ്, ഇനെസ് ഡി വെലാസ്‌കോ, ലെയ്‌റേ ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ സംഘത്തിനെയാണ് ഇന്ത്യ തകര്‍ത്തത്. ക്വാര്‍ട്ടറില്‍ ഇന്ത്യ ആതിഥേയരായ ഗ്വാട്ടിമാലയെ കീഴടക്കിയാണ് സെമിയില്‍ പ്രവേശിച്ചത്. 

എന്നാല്‍ ഇന്ത്യയുടെ പുരുഷ ടീം ക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് തോറ്റ് പുറത്തായി. ഇന്ത്യന്‍ താരങ്ങളായ അതാനു ദാസും ദീപികയും വ്യക്തിഗത മത്സരങ്ങളില്‍ സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

Content Highlights: Indian women's team storms into final of Archery World Cup