ജംപിങ് ഇനങ്ങളിലെല്ലാം കേരളം ദേശീയ തലത്തില്‍ അനിഷേധ്യ പ്രമാണിത്വം കാട്ടിയ 1970 കളില്‍ തിളങ്ങി നിന്ന ട്രിപ്പിള്‍ ജംപ് താരം ഡോ. സജി ഫ്രാന്‍സിസ് (60) യാത്ര പറഞ്ഞത് അധികമാരും അറിയാതെ. എളമക്കര വിവേകാനന്ദ നഗറില്‍ ആയിരുന്നു അന്ത്യം. 

പാലായില്‍ നിന്ന് കോഴിക്കോട്ടേക്ക് കുടുംബം മാറിയത് പിതാവ്, എന്‍ജിനീയര്‍ ആയിരുന്ന ജോസഫ് ഫ്രാന്‍സിസിന്റെ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു. സജിയ്ക്ക് അത് അനുഗ്രഹമായി. കോഴിക്കോട് അത്‌ലറ്റിക് അസോസിയേഷന്‍ സാരഥിയായിരുന്ന ജോസഫ് ഫ്രാന്‍സിസിന്റെ പ്രേരണയിലാകണം സജി അത്‌ലറ്റായത്. പക്ഷേ,  വളരെപ്പെട്ടെന്ന് മികച്ച ജംപിങ്ങ് താരമാകാന്‍ സജിക്ക് കഴിഞ്ഞു. 

കോഴിക്കോട് ദേവഗിരി കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ 1977-78 ല്‍ ഹൈദരാബാദില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 19 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടി. അഖിലേന്ത്യാ മത്സരങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലയെ പ്രതിനിധാനം ചെയ്തു വെങ്കലം കരസ്ഥഥമാക്കി. ഡോ.എസ്.എസ്.കൈമളിന്റെ ശിക്ഷണത്തിലായിരുന്നു സജിയുടെ കുതിപ്പ്.

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിനു ചേര്‍ന്നു. പരിക്ക് വിനയാകും വരെ മത്സര രംഗത്ത് സജീവമായിരുന്നു. സജിയുടെ അനുജന്‍ ലൂക്ക് ഫ്രാന്‍സിസും കുറച്ചു കാലം അത്‌ലറ്റിക്‌സില്‍ ഉണ്ടായിരുന്നു.സജി തനിക്ക് മകനെപ്പോലെയായിരുന്നെന്ന് ഡോ. കൈമള്‍ അനുസ്മരിച്ചു.

എം.ബി. സത്യാനന്ദന്‍, പി.എം.ആന്റണി, നിഷാദ്കുമാര്‍, സുഭാഷ് ജോര്‍ജ്, ഷാഹുല്‍ ഹമീദ്  തുടങ്ങിയവര്‍ ടി.സി.യോഹന്നാനും സുരേഷ് ബാബുവും രഘുനാഥനുമൊക്കെ  തുടക്കമിട്ട ജംപിങ് മികവിന്റെ തുടര്‍ച്ചക്കാരായി വളര്‍ന്ന കാലമായിരുന്നത്.

രണ്ട് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത സുഭാഷ് ജോര്‍ജ് ട്രിപ്പിള്‍ ജംപില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ഉദ്യോഗമണ്ഡലില്‍ ഫാക്ട് മീറ്റില്‍ സജി ഫ്രാന്‍സിസിനെ പരാജയപ്പെടുത്തിയതോടെയാണ്.

വ്യക്തിജീവിതത്തില്‍ സംഭവിച്ച ചില തിരിച്ചടികള്‍ കൊണ്ടാകാം ഡോ. സജി ഏറെ നാളായി കളിക്കളത്തിലെ പഴയ സൗഹൃദങ്ങളില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു. ഒരു പക്ഷേ, അതു കൊണ്ടാകാം കായിക താരങ്ങള്‍ പലരും സജിയുടെ വേര്‍പാട് അറിയാതെ പോയത്.

Content Highlights: Indian triple jump champion Dr Saji Francis passed away