
Photo: ANI
32 വര്‍ഷമായി ഓസ്ട്രേലിയ തോല്‍വിയറിയാതിരുന്ന ബ്രിസ്ബെയ്നിലെ ഗാബയില്‍ അവരെ കൊമ്പുകുത്തിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം ചരിത്രമെഴുതിയിട്ട് ഇന്ന് ഒരാണ്ട് തികയുകയാണ്.
ഗാബയിലെ ജയത്തോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര ജയിച്ച് (2-1) ബോര്‍ഡര്‍-ഗാവസ്ക്കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
1988-ല്‍ വെസ്റ്റിന്‍ഡീസിനോടാണ് ഓസ്ട്രേലിയ അവസാനമായി ഗാബയില്‍ പരാജയപ്പെട്ടത്. അതിനുശേഷം നടന്ന 31 മത്സരങ്ങളില്‍ 24 എണ്ണത്തിലും ഓസീസ് വിജയം നേടി. ഏഴുമത്സരങ്ങള്‍ സമനിലയിലുമായി.
പരമ്പരയിലെ നാലാം ടെസ്റ്റിന്റെ അവസാന ദിനമായിരുന്ന ജനുവരി 19-ന് അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മത്സരം അവസാനിക്കാന്‍ വെറും 18 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിനായിരുന്നു ജയം.
138 പന്തില്‍ പുറത്താകാതെ 89 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ അപരാജിത ഇന്നിങ്സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഗാബ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമായിരുന്നു ഇത്.
വിരാട് കോലിയുടെ നേതൃത്വത്തില്‍ 2018-19 പരമ്പരയില്‍ ഇന്ത്യ ഓസിസിനെ കീഴടക്കി ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കിയിരുന്നു.
രണ്ടാമിന്നിങ്സില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 91 റണ്‍സെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലിന്റെയും പുറത്താവാതെ 89 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന്റെയും 56 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുടെയും കരുത്തിലാണ് വിജയത്തിലെത്തിയത്.
വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ആര്. അശ്വിന്, ഇഷാന്ത് ശര്‍മ തുടങ്ങിയ മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ യുവനിര ഗാബയില്‍ അദ്ഭുത പ്രകടനം പുറത്തെടുക്കുകയായിരുന്നു.
Content Highlights: indian test team Breach Australia Gabba Fortress On This Day in 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..