'പങ്കെടുക്കലാണ് പ്രധാനം' എന്ന ഒളിമ്പിക്‌സ് മുദ്രാവാക്യത്തിന്റെ സ്പിരിറ്റോടെയാണ് ഇന്ത്യ ഇത്തവണയും ലോകത്തെ ഏറ്റവും വലിയ കായികമേളയ്ക്ക് പുറപ്പെടുന്നത്. 119 കായിക താരങ്ങളും 109 ഒഫീഷ്യലുകളും അടങ്ങുന്നതാണ് ഇന്ത്യന്‍ സംഘം. ഹോക്കിയിലും അത്‌ലറ്റിക്‌സിലും ഷൂട്ടിങ്ങിലുമാണ് കൂടുതല്‍ താരങ്ങള്‍. ഇക്വസ്റ്റേറിയന്‍, ഫെന്‍സിങ് തുടങ്ങിയ ഇനങ്ങളില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക്‌സ് പോരാട്ടങ്ങള്‍ക്കിറങ്ങും. ഇന്ത്യയില്‍നിന്നുള്ള ആദ്യ സംഘം ടോക്യോയില്‍ എത്തിക്കഴിഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങും ബോക്‌സിങ് താരം മേരി കോമും ഇന്ത്യയുടെ പതാകയേന്തും.

അത്‌ലറ്റിക്‌സും ഷൂട്ടിങ്ങും

അത്‌ലറ്റിക്‌സില്‍ വ്യക്തിഗത ഇനങ്ങളില്‍ 16 പേരും രണ്ട് റിലേ ടീമുകളിലായി 10 പേരും ടോക്യോയിലെത്തും. ഇതില്‍ ഏഴ് പേര്‍ മലയാളികളാണ്. പുരുഷവിഭാഗം ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും ശിവ്പാല്‍ സിങ്ങുമാണ് ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിക്കുന്ന താരങ്ങള്‍. 15 പേര്‍ അണിനിരക്കുന്ന ഷൂട്ടിങ്ങാണ് ടോക്യോയിലെത്തുന്ന ഇന്ത്യയുടെ മറ്റൊരു ബിഗ് ടീം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പുരുഷ വിഭാഗത്തില്‍ ദിവ്യാന്‍ശ് സിങ് പന്‍വാര്‍ ലോക റാങ്കിങ്ങില്‍ മുന്നിട്ടു നില്‍ക്കുന്ന താരമാണ്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭേക്കറും എയര്‍ റൈഫിളില്‍ അപൂര്‍വി ചന്ദേലയും പ്രതീക്ഷയുടെ ഉന്നം പിടിക്കുന്നവരാണ്. ലണ്ടന്‍ ഒളിമ്പിക്‌സിലെ ആറ് മെഡല്‍ എന്ന നേട്ടം മറികടക്കണമെങ്കില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യ രണ്ടിലധികം മെഡല്‍ നേടേണ്ടി വരും.

നീന്തലില്‍ മുന്നോട്ട് ടെന്നീസില്‍ പിന്നോട്ട്

ഇന്ത്യക്കു ചരിത്രത്തിലാദ്യമായി മൂന്ന് താരങ്ങള്‍ക്കു ഒളിമ്പിക്‌സ് യോഗ്യത കിട്ടിയ നീന്തല്‍ക്കുളമാകും ടോക്യോയില്‍ അലകള്‍ തീര്‍ക്കുന്നത്. മലയാളിതാരം സാജന്‍ പ്രകാശ് ഒളിമ്പിക്‌സിനു നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമായപ്പോള്‍ ശ്രീഹരി നടരാജും മാനാ പട്ടേലുമാണ് ഇത്തവണ ഇന്ത്യയ്ക്കായി ജലപ്പരപ്പില്‍ വേഗപ്പോരാട്ടത്തിനിറങ്ങുന്നത്.

ഗുജറാത്ത് സ്വദേശിയായ 21 കാരി മാനാ പട്ടേല്‍ അവസാന നിമിഷമാണ് പ്രത്യേക ക്വാട്ടയിലൂടെ ടോക്യോയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. സാജന്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ മത്സരിക്കുമ്പോള്‍ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലാണ് ശ്രീഹരിയും മാനായും മത്സരിക്കാനിറങ്ങുന്നത്.

ടെന്നീസില്‍ പിന്നോട്ടുപോയ സങ്കടത്തിലാണ് ഇന്ത്യ. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ  അങ്കിത റെയ്‌ന സഖ്യം മാത്രമാണ് ഇക്കുറി ടെന്നീസില്‍ ഇന്ത്യക്കുവേണ്ടി പോരാട്ടത്തിനുള്ളത്. 1992നു ശേഷം ഇതാദ്യമായാണ് ടെന്നീസില്‍ ഒരു പുരുഷ താരം ഇന്ത്യയുടെ കുപ്പായത്തില്‍ ഒളിമ്പിക്‌സില്‍ ഇല്ലാതെ പോകുന്നത്.

പ്രതീക്ഷയുടെ 'ഭാര'ങ്ങള്‍

ഇന്ത്യക്ക് ഒളിമ്പിക്‌സില്‍ ഇതിനു മുമ്പ് മെഡലുകള്‍ സമ്മാനിച്ചിട്ടുള്ള നാലിനങ്ങള്‍ ടോക്യോയിലും പ്രതീക്ഷയുടെ 'ഭാരം' വഹിക്കുന്നുണ്ട്. ഇന്ത്യക്ക് ഏറ്റവുമധികം ഒളിമ്പിക് സ്വര്‍ണം സമ്മാനിച്ചിട്ടുള്ള ഹോക്കിയില്‍ ഇത്തവണ പുരുഷ, വനിതാ ടീമുകള്‍ മത്സരിക്കുന്നുണ്ട്. സ്വര്‍ണത്തിലേക്ക് എത്താനാകുമെന്ന് ഉറപ്പില്ലെങ്കിലും മികച്ച പ്രകടനം സാധ്യമായാല്‍ ലോക റാങ്കിങ്ങില്‍ നാലാമതുള്ള പുരുഷ ഹോക്കി ടീം ഏതെങ്കിലുമൊരു മെഡല്‍ കഴുത്തിലണിഞ്ഞേക്കാം. മലയാളി താരം പി.ആര്‍. ശ്രീജേഷ് ഗോളിയായി ടീമിലുള്ളത് കേരളത്തിന്റെ പ്രതീക്ഷയാണ്.

വനിതാവിഭാഗം ഭാരോദ്വഹനത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ മീരാബായ് ചാനു മത്സരിക്കാനിറങ്ങുന്നതാണ് ടോക്യോയില്‍ ഇന്ത്യ ഉറ്റുനോക്കുന്ന മറ്റൊരിനം. ഇപ്പോള്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ചാനു 49 കിലോ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ഒരു സ്വര്‍ണം ആ കഴുത്തില്‍ വന്നു വീണാലും അദ്ഭുതപ്പെടാനില്ല.

മെഡല്‍ പ്രതീക്ഷയോടെതന്നെയാണ് ഗുസ്തിയിലും ഇന്ത്യ ടോക്യോയിലെ അങ്കത്തട്ടിലിറങ്ങുന്നത്. വിനേഷ് ഫോഗട്ടും ബജ്‌റങ് പുനിയയുമാണ് ഗുസ്തിയില്‍ ഇന്ത്യ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരങ്ങള്‍

പ്രതിഭയ്‌ക്കൊത്ത പ്രകടനം സാധ്യമായാല്‍ സ്വര്‍ണത്തിലേക്കുതന്നെ എത്താവുന്ന ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന്റെ സാന്നിധ്യമാണ് ടോക്യോയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്ന്.

കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഫൈനലില്‍ തോറ്റ് വെള്ളിയിലേക്കു വീണുപോയ സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ തിളക്കത്തിലാണ് ഇത്തവണ ടോക്യോയിലെത്തുന്നത്. എന്നാല്‍ സൈന നേവാളും കിഡംബി ശ്രീകാന്തും ഒളിമ്പിക്‌സിനു യോഗ്യത നേടാതിരുന്നത് ഇന്ത്യയുടെ വലിയ നിരാശകളിലൊന്നാണ്.

Content Highlights: Indian team for tokyo olympics, olympics, japan, tokyo