റിയാദ്: പ്രശസ്ത ഇന്ത്യന്‍ ബൈക്ക് റേസിങ് താരം സി.എസ് സന്തോഷിന് സൗദി അറേബ്യയില്‍ നടന്ന ദാകര്‍ റാലിക്കിടെ അപകടം. ആകാശമാര്‍ഗം റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ അദ്ദേഹത്തെ ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ സംഘം കോമയിലാക്കിയിരിക്കുകയാണ്.

ബുധനാഴ്ചയായിരുന്നു അപകടം. അപകടത്തില്‍ സന്തോഷിന്റെ തലയ്ക്ക് സാരമായ പരിക്കുള്ളതായി സംശയമുണ്ട്. അപകടം നടന്നതിനു പിന്നാലെ പാരാമെഡിക്കല്‍ സംഘമെത്തി ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് അദ്ദേഹത്തിന് ബോധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. 

കഴിഞ്ഞ വര്‍ഷം ദാകര്‍ റാലിയില്‍ മത്സരിക്കുന്നതിനിടെ ഹീറോ മോട്ടോസ്പോര്‍ട്ട് റൈഡര്‍ പൗലോ ഗോണ്‍കാല്‍വസ് അപകടത്തില്‍പ്പെട്ട് മരിച്ച അതേ സ്ഥലത്താണ് ഇപ്പോള്‍ സന്തോഷിനും അപകടമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

37-കാരനായ സന്തോഷ് ഹീറോ മോട്ടോസ്പോര്‍ട്സിനെ പ്രതിനിധീകരിച്ചാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ റാലികളിലൊന്നായ ദാകര്‍ റാലിയില്‍ പങ്കെടുത്തത്. 

ലോകത്തിലെ ഏറ്റവും കഠിനമായ ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ട് ഇവന്റായി കണക്കാക്കപ്പെടുന്ന ദാകര്‍ റാലിയില്‍ ഇത് ഏഴാമത്തെ തവണയാണ് സന്തോഷ് പങ്കെടുക്കുന്നത്. 

നേരത്തെ 2013-ലെ അബുദാബി ഡെസേര്‍ട്ട് ചലഞ്ചിനിടെ സന്തോഷിന് മാരകമായ ഒരു അപകടം സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ സുസുക്കി എം.എക്സ് 450 എക്‌സ് ബൈക്കിന് തീ പിടിച്ചതിനെ തുടര്‍ന്ന് താരത്തിന് കഴുത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നു.

Content Highlights: Indian rider CS Santosh suffers crash in Dakar Rally