കോഴിക്കോട്: രണ്ടു സീസണിന്റെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പ്രൊഫഷണല്‍ വോളിബോള്‍ ലീഗ് തിരിച്ചെത്തുന്നു. 2019-ലെ പ്രഥമസീസണുശേഷം നിലച്ചുപോയ പ്രോ വോളി ലീഗിന്റെ നടത്തിപ്പുകാരായ ബേസ്ലൈന്‍ വെഞ്ച്വേഴ്സാണ് ഹൈദരാബാദില്‍ പ്രൈം വോളിബോള്‍ എന്നപേരിലുള്ള ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 

ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്റെ സഹകരണമില്ലാതെയാണ് ലീഗ് നടത്തിപ്പുമായി ബേസ്ലൈന്‍ മുന്നോട്ടുപോവുന്നത്. ആറു നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസി ടീമുകള്‍ ലീഗില്‍ മത്സരിക്കും. കേരളത്തില്‍നിന്ന് രണ്ടു ടീമുകള്‍ മാറ്റുരയ്ക്കും. മുംബൈയില്‍നിന്ന് ഇത്തവണ ടീമില്ല. പകരം ബെംഗളൂരുവില്‍നിന്ന് ഒരു ടീം പങ്കെടുക്കും. 

കൊച്ചിന്‍ ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ഹൊവാക്സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്‍പിഡോസ് എന്നിവയാണ് ടീമുകള്‍. മത്സരങ്ങള്‍ സോണി ടി.വി. സംപ്രേഷണം ചെയ്യും. ലീഗിന്റെ വേദികളും തീയതിയും പിന്നീട് പ്രഖ്യാപിക്കും. ഫെബ്രുവരിയില്‍ കൊച്ചിയിലായിരിക്കും മത്സരമെന്നാണ് സൂചന. താരലേലം ഡിസംബറില്‍. ഒരു ടീമില്‍ രണ്ടു വിദേശതാരങ്ങളെ ഉള്‍പ്പെടുത്താം.

പ്രാഥമികപോരാട്ടങ്ങളില്‍ എല്ലാ ടീമുകളും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടും. മികച്ച നാലുടീമുകള്‍ സെമിയിലെത്തും. ലീഗ് നടത്തിപ്പിനെച്ചൊല്ലി ബേസ്ലൈനും വോളിബോള്‍ ഫെഡറേഷനും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ആദ്യസീസണുശേഷം പ്രോ വോളി ലീഗ് നിലച്ചത്. ലീഗ് നടത്തുമെന്ന് ഫെഡറേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Indian Professional Volley Ball Tournament Prime Volley League is Ready to Start