ചെന്നൈ: ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കുമെതിരേ നടന്ന വംശീയാധിക്ഷേപത്തോടെ വിവാദമായിരുന്നു സിഡ്‌നി ടെസ്റ്റ്. 

ഇപ്പോഴിതാ സിഡ്‌നിയില്‍ കളത്തിനു പുറത്തും ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സ്പിന്നര്‍ ആര്‍. അശ്വിന്‍.

സിഡ്‌നിയില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും താരങ്ങള്‍ ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. അവിടെ ഓസീസ് താരങ്ങള്‍ക്കൊപ്പം ലിഫ്റ്റില്‍ കയറാന്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിച്ചിരുന്നില്ലെന്നാണ് അശ്വിന്റെ വെളിപ്പെടുത്തല്‍. കോവിഡ് ചട്ടങ്ങളുടെ ഭാഗമായി ഇരു ടീമിലെയും താരങ്ങള്‍ ഒരേ ബയോ സെക്യുര്‍ ബബിളിനുള്ളില്‍ കഴിയുമ്പോഴാണ് ഈ വിവേചനം.

''സിഡ്‌നിയിലെത്തിയ ശേഷം ഞങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏറെയുണ്ടായിരുന്നു. അതിനിടെ ഒരു അസാധാരണ സംഭവമുണ്ടായി. സത്യസന്ധമായി പറഞ്ഞാല്‍ ഏറെ വിചിത്രമായിരുന്നു അത്. ഇന്ത്യയും ഓസ്‌ട്രേലിയയും ഒരേ ബബിളിലായിരുന്നു. എന്നാല്‍ ഓസീസ് താരങ്ങള്‍ ലിഫ്റ്റിലുണ്ടായിരിക്കുമ്പോള്‍ അവര്‍ ഇന്ത്യന്‍ താരങ്ങളെ അതിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല.'' - തന്റെ യൂട്യൂബ് ചാനലില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധറുമൊത്തുള്ള ഒരു ചര്‍ച്ചയിലാണ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

Content Highlights: Indian players were not allowed to use the lift with Australians