Image Courtesy: Twitter
കൊല്‍ക്കത്ത: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവിതം തന്നെ പ്രതിസന്ധിയിലായ ദിവസവേതനക്കാര്‍ക്ക് കൈത്താങ്ങുമായി ഇന്ത്യന്‍ ഫുട്ബോള്‍ താരം സുഭാശിഷ് ബോസ്.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനയിലെ സ്വന്തം പട്ടണമായ സുഭാസ്ഗ്രാമിലെ ഭവനരഹിതര്‍ക്കും ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നത് സുഭാശിഷാണ്.
ലോക്ക്ഡൗണിനു ശേഷം എല്ലാ ദിവസവും രാവിലെ സുഭാസ്ഗ്രാമില് ഒരു നീളന്‍ ക്യൂ കാണും. റിക്ഷാ വണ്ടിക്കാരടക്കമുള്ള ദിവസ വേതനക്കാരാണ് ഈ ക്യൂവില്‍ ഉണ്ടാകുക. ദിവസേനയുള്ള റേഷന്‍ സ്വീകരിക്കാനാണ് അവരുടെ വരവ്. ക്യൂവിന്റെ അറ്റത്ത് അരി, പയര്‍വര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ്, ഉള്ളി, മറ്റ് പ്രധാന ഭക്ഷ്യവസ്തുക്കള്‍ എന്നിവ അടങ്ങിയ പാക്കറ്റുകള്‍ സന്തോഷത്തോടെ വിതരണം ചെയ്യുന്ന ഇന്ത്യന്‍ താരം സുഭാശിഷിനെയും കാണാം.
''പ്രാദേശിക മത്സരങ്ങള്‍ക്ക് പോകുമ്പോഴും മറ്റും നിരവധി റിക്ഷാവണ്ടിക്കാര്‍ എനിക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. ടീമിനായി മികച്ച പ്രകടനം നടത്തിയപ്പോഴെല്ലാം പ്രദേശത്തെ കച്ചവടക്കാരും കടയുടമകളും എനിക്ക് നിരവധി ഭക്ഷണപാക്കറ്റുകള്‍ സൗജന്യമായി തന്നിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം എനിക്ക് തിരികെ നല്‍കാനുള്ള സമയമാണ്'', സുഭാശിഷ് പി.ടി.ഐയോട് പറഞ്ഞു.
എന്റെ വളര്‍ച്ചയില്‍ എന്നെ സഹായിച്ച നിരവധി പേരുണ്ട് ഈ പ്രദേശത്ത്. അത്തരത്തില്‍ അറിയുന്ന നിരവധി മുഖങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ കൈമാറാന്‍ സാധിച്ചത് ഏറെ സംതൃപ്തി നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Indian footballer Subhashish providing meals for daily wage labourers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..