ഐസ്വാള്‍: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നീട്ടിയതോടെ ആശുപത്രികളില്‍ രക്തം ആവശ്യമായി വന്നവര്‍ക്ക് സഹായവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജെജെ ലാല്‍പെഖുവ.

ദ യങ് മിസോ അസോസിയേഷന്‍ (വൈ.എം.എ) അംഗമായ ജെജെയും മറ്റ് 27 അസോസിയേഷന്‍ അംഗങ്ങളും മിസോറമിലെ ദര്‍ത്തലാങിലെ സിനോദ് ആശുപത്രിയിലെത്തി രക്തം ദാനം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ വീണ്ടും രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയതോടെ ആശുപത്രികളില്‍ ബ്ലഡ് യൂണിറ്റുകളില്‍ കുറവുണ്ടായിരുന്നു.

ഇതോടെ ആശുപത്രി അധികൃതര്‍ സഹായത്തിനായി യങ് മിസോ അസോസിയേഷനെ സമീപിക്കുകയായിരുന്നു.

''ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് പ്രതികരിക്കാതെ വെറുതെ ഇരിക്കാനാകില്ല. ഇത് എനിക്കോ മറ്റുള്ളവര്‍ക്കോ വേണ്ടിയല്ല. ഒന്നിച്ച് നിന്ന് പോരാടുന്ന മനുഷ്യ വര്‍ഗത്തിനു വേണ്ടിയാണ്'', ജെജെ പ്രതികരിച്ചു.

മിസോറമടക്കമുള്ള മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ക്കിക്കുന്ന എന്‍.ജി.ഒ ആണ് യങ് മിസോ അസോസിയേഷന്‍.

Content Highlights: Indian Footballer Jeje Lalpekhlua Donates Blood To Help Fight Coronavirus