ബെംഗളൂരു: ശമ്പളം തരാത്തതുമായി ബന്ധപ്പെട്ട് ഐ.എസ്.എല്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെതിരേ പരാതി നൽകി മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും അടക്കമുള്ള താരങ്ങൾ. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് താരങ്ങള്‍ പരാതി നൽകിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചപ്പോള്‍ തങ്ങളെ മതിയായ കാരണങ്ങൾ പറയാതെ ടീമിൽ നിന്ന് പുറത്താക്കിയെന്നും എന്നാൽ, ഇതിന് വാഗ്ദാനം ചെയ്ത തുക നൽകയില്ലെന്നുമാണ് കളിക്കാർ പരാതിയിൽ പറഞ്ഞത്. 

വിനീതിനെയും റിനോ ആന്റോയെയും കൂടാതെ യൂജിന്‍സണ്‍ ലിങ്‌തോ, അശോക് ചവാന്‍, ബല്‍വന്ത് സിങ് എന്നിവരും പരാതി നൽകിയിട്ടുണ്ട്. ഐ.എസ്.എല്ലിലെ നാലുകളികള്‍ക്ക് ശേഷം ഒന്‍പതോളം താരങ്ങളെയാണ് ഈസ്റ്റ് ബംഗാള്‍ പുറത്താക്കിയത്. പക്ഷേ ശമ്പളം നല്‍കാം എന്ന വ്യവസ്ഥയിലാണ് പുറത്താക്കിയത്. പുതിയ താരങ്ങളെ ടീമിലെത്തിക്കാനായിരുന്നു ഈ ശ്രമം. പുതിയ മാനേജ്‌മെന്റ് ടീം ഏറ്റെടുത്തതോടെ പഴയ മാനേജ്‌മെന്റ് ടീമിലെടുത്ത താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമായി. ഇതില്‍ മറ്റൊരു മലയാളി താരമായ ഇര്‍ഷാദും ഉള്‍പ്പെടും. പുറത്താക്കുന്നതിന് തൊട്ടുമുന്‍പുള്ള മത്സരത്തില്‍ ഇര്‍ഷാദായിരുന്നു മാന്‍ ഓഫ് ദ മാച്ച്. 

കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ ഇതേ പ്രശ്‌നത്തെത്തുടര്‍ന്ന് ഈസ്റ്റ് ബംഗാളിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എ.ഐ.എഫ്.എഫ് അന്ന് അച്ചടക്ക നടപടിക്ക് ശ്രമിച്ചെങ്കിലും ക്ലബ്ബ് അപ്പീല്‍ നല്‍കി അതില്‍ നിന്നും രക്ഷപ്പെട്ടു. പക്ഷേ ഇത്തവണ ശക്തമായി ക്ലബിനെതിരേ നിയമപരമായി പൊരുതാനാണ് താരങ്ങള്‍ ശ്രമിക്കുന്നത്. 

Content Highlights: Indian football payers CK Vineeth and Rino Anto file complaint against East Bengal