ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജര്‍മനിയില്‍ കുടുങ്ങിയ മുന്‍ ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ച് കുടുംബം.

ബുണ്ടസ് ലിഗ ചെസ് ടൂര്‍ണമെന്റിനായി ജര്‍മനിയിലെത്തിയ ആനന്ദ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജര്‍മനിയില്‍ കുടുങ്ങുകയായിരുന്നു.

ചെസ് ടൂര്‍ണമെന്റിനു ശേഷം മാര്‍ച്ച് 16-ന് താരം തിരിച്ച് നാട്ടിലെത്തേണ്ടതായിരുന്നു. ഇതിനിടെയാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായതും ലോകമാകെ യാത്രാവിലക്കുകള്‍ നിലവില്‍ വന്നതും. ഇതോടെ ആനന്ദിന്  ഫ്രാങ്ക്ഫര്‍ട്ടിലെ താമസ സ്ഥലത്തുതന്നെ തുടരേണ്ട അവസ്ഥ വന്നു.

ഇന്ത്യന്‍ എംബസി ആനന്ദുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നത് ആശ്വാസം നല്‍കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ അരുണയും മകന്‍ അഖിലും പറഞ്ഞു. ഇരുവരും ആകാംക്ഷയോടെ അദ്ദേഹത്തിന്റെ വരവും കാത്തിരിക്കുകയാണ്.

ഇതിനിടെ റഷ്യയില്‍ ആരംഭിച്ച ഫിഡെ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ഓണ്‍ലൈന്‍ കമന്റേറ്ററായി ആനന്ദ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് പകുതിക്ക് വെച്ച് ഈ ടൂര്‍ണമെന്റ് ഉപേക്ഷിച്ചിരുന്നു.

Content Highlights: Indian Embassy In Touch With Viswanathan Anand, Wife Hoping his retur Soon