ന്യൂഡല്‍ഹി: കൊറോണ വൈറസിനേതിരേയുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ പോരാട്ടത്തിന് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിങ്ങും ഹര്‍ഭജന്‍ സിങ്ങും. പാകിസ്താനിലെ ആളുകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഭജനും യുവരാജും സോഷ്യല്‍ മീഡിയയിലൂടെയാണ് രംഗത്തെത്തിയത്.

എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ നീക്കത്തിനെതിരേ ട്വിറ്ററില്‍ വിമര്‍ശനമുയര്‍ന്നു. എപ്പോഴും ഇന്ത്യക്കെതിരേ സംസാരിക്കുന്ന അഫ്രീദിയെ പിന്തുണക്കുന്നത് നല്ല സന്ദേശമല്ല നല്‍കുന്നതെന്നും ഇരുവരോടുമുള്ള ബഹുമാനം നഷ്ടപ്പെട്ടെന്ന് ചില ആരാധകര്‍ പറയുന്നു.

ട്വിറ്ററിലൂടെയായിരുന്നു ഹര്‍ഭജന്റേയും യുവരാജിന്റേയും സഹായാഭ്യര്‍ത്ഥന. 'പരീക്ഷണങ്ങളുടെ കാലമാണിത്. പരസ്പരം പിന്തുണ നല്‍കാനും നമ്മുടെയത്ര ഭാഗ്യമില്ലാത്തവരെ സഹായിക്കാനുമുള്ള സമയവും. നമ്മുടേതായ രീതിയില്‍ നമുക്ക് സഹായമുറപ്പാക്കാം. കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തില്‍ അഫ്രീദി ഫൗണ്ടേഷനെ ചെറിയ രീതിയില്‍ സഹായിക്കാനാണ് തീരുമാനം. നിങ്ങളും സംഭാവനകള്‍ നല്‍കുക.' ഇതായിരുന്നു യുവരാജ് സിങ്ങിന്റെ ട്വീറ്റ്,

വസീം അക്രം, യുവരാജ് സിങ്ങ്, ഷുഐബ് അക്തര്‍ എന്നിവരെ ടാഗ് ചെയ്ത് ട്വിറ്റര്‍ വീഡിയോയിലൂടെയാണ് ഹര്‍ഭജന്‍ പിന്തുണ അറിയിച്ചത്. 'മുമ്പെങ്ങാനുമില്ലാത്തവിധം ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കൊറോണയ്ക്കിതെരായ പോരാട്ടത്തില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷനെ നമുക്കും സഹായിക്കാം.' വീഡിയോയ്‌ക്കൊപ്പം ഹര്‍ഭജന്‍ കുറിച്ചു.

ഇതിന് പിന്നാലെ ഇരുവര്‍ക്കും നന്ദി അറിയിച്ച് ഷാഹിദ് അഫ്രീദി രംഗത്തെത്തി. 'യുവരാജിന്റേയും ഹര്‍ഭജന്റേയും പിന്തുണയക്ക് നന്ദി. നിങ്ങള്‍ എന്നും ഞങ്ങളുടെ കരുത്താണ്. മനുഷ്യത്വം മുന്നില്‍ നില്‍ക്കുമ്പോള്‍ അതിര്‍ത്തികള്‍ പോലും മായ്ച്ചു കളയുന്ന ബന്ധത്തിന്റെ തെളിവാണിത്. യുവിക്യാന്‍ ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട യുവരാജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും'.' അഫ്രീദി ട്വീറ്റ് ചെയ്തു.

Content Highlights: Indian Cricketers Face Backlash For Supporting Pakistan's Coronavirus Campaign