മുഹമ്മദ് സിറാജ് | Photo: AFP
അഹമ്മദാബാദ്: 2019-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിനിടെ ആരാധകരുടെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ്. ആ സീസണില്‍ പ്രകടം മോശമായപ്പോള്‍ 'ക്രിക്കറ്റ് നിര്‍ത്തി പിതാവിനൊപ്പം ഓട്ടോ ഓടിക്കാന്‍ പോകാന്‍' ആരാധകരില്‍ ചിലര്‍ ആവശ്യപ്പെട്ടെന്നാണ് സിറാജിന്റെ വെളിപ്പെടുത്തല്‍. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ 'ആര്‍സിബി പോഡ്കാസ്റ്റില്‍' സംസാരിക്കുകയായിരുന്നു സിറാജ്.
കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിന് ശേഷമായിരുന്നു ആരാധകരുടെ രോഷപ്രകടനം. അന്ന് താരം 2.2 ഓവറില്‍ 36 റണ്‍സ് വഴങ്ങിയിരുന്നു. അഞ്ച് സിക്സറുകളും കൊല്‍ക്കത്ത ബാറ്റ്സ്മാന്മാര് അടിച്ചെടുത്തു. ഇതിനിടെ അപകടകരമായ രണ്ട് ബീമറുകള്‍ സിറാജ് എറിഞ്ഞു. ഇതോടെ ക്യാപ്റ്റന്‍ വിരാട് കോലി താരത്തെ ബൗളിങ്ങിനിടെ പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് ആരാധകര്‍ സിറാജിനെ ഓട്ടോ ഓടിക്കാന്‍ ഉപദേശിച്ചത്.
'ഇത്തരത്തിലുള്ള ഒരുപാട് പരാമര്‍ശങ്ങളുണ്ടായി. ക്രിക്കറ്റ് താരങ്ങളുടെ പ്രകടനത്തിന് പിന്നിലെ കഷ്ടപ്പാട് ഒരുകാലത്തും ആരും കാണാറില്ല. ഇന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ആളുകള്‍ നിങ്ങളെ പുകഴ്ത്തും. മോശമാകുമ്പോള്‍ അതേ ആളുകള്‍ ചീത്തവിളിക്കും. അന്നു ധോനി നല്കിയ ഒരു ഉപദേശം എനിക്ക് വളരെയധികം സഹായകമായി. ആളുകള്‍ പറയുന്ന അഭിപ്രായങ്ങള്‍ ഗൗനിക്കേണ്ടതില്ല എന്നായിരുന്നു അത്.
അത് സത്യമാണെന്ന് ഒരു പാട് അവസരങ്ങളില്‍ എനിക്ക് മനസിലായിട്ടുണ്ട്. പണ്ട് എന്നെ ചീത്ത വിളിച്ചവരും പരിഹസിച്ചവരും പിന്നീട് നിങ്ങളാണ് മികച്ച ബൗളര്‍ എന്ന് പുകഴ്ത്തുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് എല്ലാവരേയും എനിക്ക് മനസ്സിലാകും. ആരുടേയും ഉപദേശം എനിക്കുവേണ്ട. അന്നത്തെ സിറാജ് തന്നെയാണ് ഇപ്പോഴും ഞാന്‍.' - ആര്‍സിബി പോഡ്കാസ്റ്റില്‍ സിറാജ് പറയുന്നു.
2019 ഐപിഎല്‍ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് സിറാജ് നേടിയത് ഏഴു വിക്കറ്റുകള്‍ മാത്രമാണ്. ഓവറില്‍ ശരാശരി 10ന് അടുത്ത് റണ്‍സും വഴങ്ങി. ഈ മോശം പ്രകടനം ടീമിനേയും ബാധിച്ചു. ആ സീസണില്‍ ഏറ്റവും ഒടുവിലായിരുന്നു ആര്‍സിബിയുടെ സ്ഥാനം. തുടര്‍ച്ചയായ ആറു മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.
Content Highlights: Indian Cricketer Mohammed Siraj Recalls Criticism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..