അഹമ്മദാബാദ്: ചൊവ്വാഴ്ച അഹമ്മദാബാദില്‍ വെച്ച് കോവിഡ്-19 പ്രതിരോധ മരുന്നിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി.

അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

'കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. മഹാമാരിക്കെതിരേ ഇന്ത്യയെ ശാക്തീകരിച്ച ആരോഗ്യ വിഭാഗത്തിനും ശാസ്ത്രജ്ഞര്‍ക്കും നന്ദി അറിയിക്കുന്നു.' - ശാസ്ത്രി കുറിച്ചു. വാക്‌സിനേഷന്‍ കൈകാര്യം ചെയ്യുന്നതില്‍ അഹമ്മദാബാദിലെ അപ്പോളോയില്‍ കാന്തബെനും സംഘവും കാണിച്ച പ്രൊഫഷണലിസത്തില്‍ വളരെയധികം മതിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Indian cricket team head coach Ravi Shastri received the first dose of the COVID-19 vaccine

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതലാണ് രാജ്യമെമ്പാടും ആരംഭിച്ചത്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നു.

നിലവില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനായി അഹമ്മദാബാദിലാണ് ഇന്ത്യന്‍ സംഘം. രണ്ടാം ഘട്ട വാക്സിന്‍ വിതരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ആരോഗ്യസേതു ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത് വാകിസ്നേഷന്‍ സ്വീകരിക്കാം.

Content Highlights: Indian cricket team head coach Ravi Shastri received the first dose of the COVID-19 vaccine