ചെന്നൈ: ഫിഡെ ഓണ്‍ലൈന്‍ ചെസ് ഒളിമ്പ്യാഡ് സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ടൈബ്രേക്കറില്‍ അമേരിക്കയോട് തോറ്റു (4.5-1.5). ആദ്യസെറ്റില്‍ 5-1 ന് വന്‍ജയം നേടിയ ഇന്ത്യയെ രണ്ടാംസെറ്റില്‍ അമേരിക്ക 4-2 ന് കീഴടക്കി. ഇതോടെ മത്സരം ബ്ലിറ്റ്സ് ടൈബ്രേക്കറിലേക്ക് നീങ്ങി.

ഇന്ത്യയ്ക്കായി ഡി. ഹരിക ജയിച്ചപ്പോള്‍ മലയാളി താരം നിഹല്‍ സരിന്‍ സമനിലപിടിച്ചു. എന്നാല്‍ വിദിത് ഗുജറാത്തി, ബി. അധിപന്‍, കൊനേരു ഹംപി, ആര്‍. വൈശാലി എന്നിവര്‍ തോല്‍വിവഴങ്ങി. ടൈബ്രേക്കറില്‍ വിശ്വനാഥന്‍ ആനന്ദ്‌, പി. ഹരികൃഷ്ണ എന്നിവര്‍ കളിച്ചില്ല.

ആദ്യസെറ്റില്‍ വിശ്വനാഥന്‍ ആനന്ദ്, പി. ഹരികൃഷ്ണ, ഡി. ഹരിക, ആര്‍. വൈശാലി എന്നിവര്‍ ജയംനേടി. ഹംപിയും നിഹാലും സമനിലവഴങ്ങി. രണ്ടാം സെറ്റില്‍ ആനന്ദ്, വിദിത്,പ്രഗ്‌നാനന്ദ എന്നിവര്‍ തോറ്റു. ഡി.ഹരിക ജയിച്ചപ്പോള്‍ ഹംപിയും വൈശാലിയും സമനില നേടി.

ഫൈനലില്‍ റഷ്യയാണ് അമേരിക്കയുടെ എതിരാളി.

Content Highlights: Indian chess team defeated by America in Chess Olympiad