ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ബോക്‌സിങ് പരിശീലകനായ ഒ.പി.ഭരദ്വാജ് അന്തരിച്ചു. 82 വയസ്സായിരുന്നു. ബോക്‌സിങ് രംഗത്ത് ആദ്യമായി ദ്രോണാചാര്യ അവാര്‍ഡ് കരസ്ഥമാക്കിയ പരിശീലകന്‍ എന്ന റെക്കോഡ് ഭരദ്വാജ് സ്വന്തമാക്കിയിട്ടുണ്ട്.

1985-ലാണ് ഇദ്ദേഹത്തിന് ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്നത്. മാസങ്ങളായി പ്രായാധിക്യം മൂലമുള്ള രോഗങ്ങളുമായി മല്ലിടുന്ന അദ്ദേഹം 1968 മുതല്‍ 1989 വരെ ഇന്ത്യയുടെ ദേശീയ ബോക്‌സിങ് പരിശീലകനായി സേവനമനുഷ്ടിച്ചു.

ഭരദ്വാജിന്റെ കീഴില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, സൗത്ത് ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ നിരവധി മെഡലുകള്‍ സ്വന്തമാക്കി. ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ തന്നെ തുടക്കക്കാരില്‍ ഒരാളായിരുന്നു ഭരദ്വാജ്.

പട്യാലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയീട്ടിന്റെ ആദ്യ ചീഫ് സെലക്ടറായിരുന്നു ഭരദ്വാജ്. 2008-ല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ബോക്‌സിങ് പഠിപ്പിച്ചുകൊടുത്ത് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

Content Highlights: Indian boxing's first Dronacharya awardee coach OP Bhardwaj passed away