മത്സരത്തിനിടെ ഹുസ്സാമുദ്ദീൻ | Photo: twitter.com/BFI_official/
താഷ്‌ക്കെന്റ്: ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ഇന്ത്യയുടെ മൂന്ന് ബോക്‌സര്‍മാര്‍ മെഡലുറപ്പിച്ചു. ദീപക് ഭോരിയ, മുഹമ്മദ് ഹുസ്സാമുദ്ദീന്‍, നിഷാന്ത് ദേവ് എന്നിവര്‍ സെമിയിലെത്തിയതോടെയാണ് ഇന്ത്യ മൂന്ന് മെഡലുകള്‍ ഉറപ്പിച്ചത്.
ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇതാദ്യമായാണ് ഇന്ത്യ ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മെഡലുകള്‍ നേടുന്നത്. ഇതിന് മുന്‍പ് 2019-ലാണ് ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത്. അന്ന് അമിത് പംഗല്‍ വെള്ളിയും മനീഷ് കൗശിക് വെങ്കലവും നേടിയിരുന്നു.
51 കിലോ വിഭാഗത്തില്‍ മത്സരിച്ച ദീപക് ക്വാര്‍ട്ടറില്‍ കിര്‍ഗിസ്താന്റെ നര്‍ഷിജിത് ദിയുഷേബവേവിനെ തകര്‍ത്താണ് സെമിയിലെത്തിയത്. 5-0 നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സെമിയില്‍ ഫ്രാന്‍സിന്റെ ബെന്നാമയാണ് താരത്തിന്റെ എതിരാളി.
രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ നേടിയ ഹുസ്സാമുദ്ദീന്‍ 57 കിലോ വിഭാഗത്തില്‍ ബള്‍ഗേറിയയുടെ ഡയസ് ഇബനെസ്സിനെ കീഴടക്കി. വാശിയേറിയ പോരാട്ടത്തില്‍ 4-3 നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സെമിയില്‍ ക്യൂബയുടെ സയ്‌ദെല്‍ ഹോര്‍ട്ടയാണ് താരത്തിന്റെ എതിരാളി.
22 കാരനായ നിലവിലെ ദേശീയ ചാമ്പ്യന്‍ നിഷാന്ത് 71 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്. ക്വാര്‍ട്ടറില്‍ ക്യൂബയുടെ ഓര്‍ഗെ ക്യൂലറിനെ ഇടിച്ചിട്ടാണ് നിഷാന്ത് സെമിയിലെത്തിയത്. കഴിഞ്ഞതവണ നിഷാന്ത് ക്വാര്‍ട്ടില്‍ പുറത്തായിരുന്നു. സെമിയില്‍ ഏഷ്യന്‍ ചാമ്പ്യനായ കസാഖ്‌സ്താന്റെ അസ്ലാന്‍ബെക്ക് ഷൈംബെര്‍ഗനോവാണ് താരത്തിന്റെ എതിരാളി.
ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യ ഏഴ് മെഡലുകളാണ് നേടിയിരിക്കുന്നത്. ഇതുവരെ ആര്‍ക്കും സ്വര്‍ണം നേടാനായിട്ടില്ല. അമിത് പംഗല്‍ മാത്രമാണ് വെള്ളി നേടിയിട്ടുള്ളത്. വിജേന്ദര്‍ സിങ് (2009), വികാസ് കൃഷ്ണന്‍ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിധൂരി (2017), കൗശിക് (2019), ആകാശ് കുമാര്‍ (2021) എന്നിവര്‍ ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്.
Content Highlights: indian Boxers Achieve Major First, Assured Of Three Medals At 2023 Men's World Championships
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..