ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിന് ഇനി നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് മത്സരത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന് രാജ്യത്തു നിന്ന് ശക്തമായ ആവശ്യമാണ് ഉയരുന്നത്.

മത്സരക്രമത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ഇന്ത്യ-പാക് മത്സരം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഐ.സി.സി മേധാവി ഡേവ് റിച്ചാര്‍ഡ്സണ്‍ അറിയിക്കുകയും ചെയ്തു. എന്നാലിപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കുമെന്നാണ് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡി.എൻ. എ.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുറച്ചു സമയം കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ അവസ്ഥ മാറിയേക്കും. എന്നാല്‍ ഒരു ഘട്ടത്തില്‍ ഞങ്ങള്‍ കളിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍, തീര്‍ച്ചയായും ഞങ്ങള്‍ കളിക്കില്ല. അതില്‍ ഐ.സി.സിക്ക് ഒന്നും ചെയ്യാനില്ല. എന്നാല്‍ പ്രാഥമിക റൗണ്ട് മല്‍സരം അവിടെ നില്‍ക്കട്ടെ. സെമി ഫൈനലിലോ ഫൈനലിലോ പാകിസ്താന്‍ എതിരാളികളായി വന്നാല്‍ കളിക്കാതെ തന്നെ അവര്‍ വിജയിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഐ.സി.സിയെ സമീപിച്ചിട്ടില്ലെന്നും ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയെന്ന ആവശ്യം ബി.സി.സി.ഐ ഉന്നയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡും മൗനം പാലിക്കുകയാണ്. അടുത്തയാഴ്ച ദുബായില്‍ നടക്കുന്ന ഐ.സി.സിയുടെ യോഗത്തില്‍ ഇരു ബോര്‍ഡുകളുടെയും പ്രതിനിധികള്‍ നിലപാട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 16-ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡിലാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം.

ലോകകപ്പുകളിലെ ഗ്ലാമര്‍ പോരാട്ടമാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം. ജൂണ്‍ 16-ന് നടക്കുന്ന മത്സരത്തിന് ജൂലൈ 14-ന് നടക്കുന്ന ഫൈനലിനെപ്പോലും വെല്ലുന്ന തരത്തിലാണ് ആവശ്യക്കാരെത്തിയത്. 25,000 പേര്‍ക്കു മാത്രം കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ടിക്കറ്റിനായി നാലു ലക്ഷം അപേക്ഷകളാണ് സംഘാടക സമിതിക്കു ലഭിച്ചത്.

Content Highlights: india won t play pak in world cup if govt decides so