ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളില്‍ ഒന്ന് എന്നാണ് ബി.സി.സി.ഐ.യുടെ മേനിപറച്ചില്‍. ഇതേ ബി.സി.സി.ഐ. വെസ്റ്റിന്‍ഡീസിലേയ്ക്ക് അയച്ച ഇന്ത്യയുടെ വനിതാ ടീമിന്  ദിവസങ്ങളോളം കൈയില്‍ കാശില്ലാതെ അവിടെ നട്ടംതിരിയേണ്ടിവന്നു.

കളിക്കാരുടെ ദിവസബത്ത അനുവദിക്കുന്നതില്‍ വന്ന വീഴ്ചയാണ് പ്രശ്‌നം. സംഭവം വിവാദമായതോടെ ബി.സി.സി.ഐയുടെ പുതിയ ഭരണസമിതി ഇടപെട്ട് കളിക്കാര്‍ക്ക് ആവശ്യമായ പണം അയച്ചുകൊടുത്ത് പ്രശ്‌നം പരിഹരിച്ചു. കളിക്കാരുടെ അക്കൗണ്ടുകളിലേയ്ക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു.

ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജരും വനിതാ ടീമിന്റെ ചുമതലക്കാരനും മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനുമായ സബ കരീം വരുത്തിയ വീഴ്ചയാണ് കളിക്കാരെ പെരുവഴിയിലാക്കിയതെന്നാണ് ആക്ഷേപം.

സെപ്തംബര്‍ പതിനെട്ടിനാണ് കളിക്കാരുടെ ദിനബത്ത അനുവദിക്കുന്നത് സംബന്ധിച്ച നടികള്‍ക്ക് തുടക്കമായത്. സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ.യുടെ താത്കാലിക ഭരണസമിതി ഭരണം കൈയാളുന്ന സമയമായിരുന്നു അത്. ഇതു സംബന്ധിച്ച് സെപ്തംബര്‍ 23ന് സബ കരീമിന് ഇമെയില്‍ അയക്കുകയും ചെയ്തിരുന്നതായി ഒരു ബി.സി.സി.ഐ. ഭാരവാഹി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പറഞ്ഞു. എന്നാല്‍, ഇതിന്മേല്‍ ഇക്കഴിഞ്ഞ ദിവസം വരെ യാതൊരു തുടര്‍നടപടിയും ഉണ്ടായില്ല. ഇതിനുശേം സബ കരീമിന് സെപ്തംബര്‍ 23നും 25നുമെല്ലാം ഇതേ കാര്യം ആവര്‍ത്തിച്ചുകൊണ്ട് മെയിലുകള്‍ അയച്ചിരുന്നു. ഒക്‌ടോബര്‍ 24നാണ് ഏറ്റവും അവസാനം അനുമതിക്കായി അപേക്ഷ ഇമെയിലില്‍ അയച്ചത്-ബി.സി.സി.ഐ. ഭാരവാഹി പറഞ്ഞു. ഒടുവില്‍ കളിക്കാര്‍ വിദേശമണ്ണില്‍ പണമില്ലാതെ വലഞ്ഞതിനുശേഷം ഒക്‌ടോബര്‍ 30നാണ് അവരുടെ അക്കൗണ്ടിലേയ്ക്ക് പണം കൈമാറിയത്.

വനിതാ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിക്കുന്നതില്‍ അലംഭാവം കാട്ടിയതിന് സബ കരീമിനെതിരേ നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു.

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസില്‍ കളിക്കുന്നത്. നവംബര്‍ ഒന്നിന് നോര്‍ത്ത് സൗണ്ടിലാണ് ആദ്യ ഏകദിനം.

Content Highlights: India women's Cricket TeamWest Indies, BCCI