ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ വെച്ച് നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ ടീമിന് സ്വര്‍ണം. റീകര്‍വ് ടീം വിഭാഗത്തിലാണ് ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയത്. ദീപിക കുമാരി, അങ്കിത ഭഗത്, കൊമാലിക ബാരി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്.

ടൂര്‍ണമെന്റിലെ ഒന്നാം സീഡായ ഇന്ത്യന്‍ ടീം രണ്ടാം സീഡായ മെക്‌സിക്കോയെ ഫൈനലില്‍ കീഴടക്കി. 5-4 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ അമ്പെയ്ത്ത് ലോകകപ്പിന്റെ വനിതാ ടീം ഇനത്തില്‍ സ്വര്‍ണം നേടുന്നത്.

ഇതിനുമുന്‍പ് 2011-ലും 2013 ലും 2014 ലും ഇന്ത്യ സ്വര്‍ണം നേടിയിട്ടുണ്ട്. മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ അതാനുദാസ്-അങ്കിത ഭഗത് സഖ്യം വെങ്കലം നേടി. മിക്‌സഡ് വിഭാഗത്തില്‍ അമേരിക്കയെ 6-2 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യന്‍ സംഘം വെങ്കലം സ്വന്തമാക്കിയത്.

Content Highlights: India women's recurve team wins gold in Archery World Cup