photo:twitter/BCCI
ഹൈദരാബാദ്: അവസാന ഓവര്‍ വരെ ജയസാധ്യതകള്‍ മാറിമറഞ്ഞ മത്സരത്തിനൊടുക്കം കിവീസിനെ 12 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. വെടിക്കെട്ട് സെഞ്ചുറിയുമായി അവസാനം വരെ പൊരുതിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലാണ് കിവീസ് നിരയില്‍ തിളങ്ങിയത്. ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ മുന്നിലെത്തി.
ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന്റെ തുടക്കം മികച്ചതായിരുന്നില്ല. ആറാം ഓവറില്‍ ടീം സ്കോര്‍ 28-ല്‍ നില്‍ക്കേ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ പുറത്തായി. 10-റണ്‍സെടുത്ത കോണ്‍വേയെ സിറാജാണ് പുറത്താക്കിയത്. പിന്നീടിറങ്ങിയവരെല്ലാം വേഗത്തില്‍ തന്നെ കൂടാരം കയറി. ഹെന്റി നിക്കോള്‍സ്(18), ഡാരില്‍ മിച്ചല്‍(9), ടോം ലതാം(24), ഗ്ലെന്‍ ഫിലിപ്സ്(11) എന്നിവര്‍ക്ക് സ്കോര്‍ ബോര്‍ഡില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. 131-റണ്‍സിന് ആറ് വിക്കറ്റ് നഷ്ടമായ കിവീസ് വിജയലക്ഷ്യത്തിന് ഏടുത്തുപോലും എത്തില്ലെന്ന് തോന്നിച്ചു.
എന്നാല്‍ മൈക്കല്‍ ബ്രേസ്വെല്ലും മിച്ചല്‍ സാന്റ്നറും കരുതലോടെ ബാറ്റേന്തി. പതിയെ പതിയെ മികച്ച കൂട്ട്കെട്ട് പടുത്തുയര്‍ത്തിയ ഇരുവരും കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സെഞ്ചുറിയുമായി ബ്രേസ്വെല്ലും അര്‍ധസെഞ്ചുറിയുമായി സാന്റ്നറും ഇന്ത്യയ്ക്ക് നിരന്തരം വെല്ലുവിളിയുയര്‍ത്തി. സാന്റ്നര്‍ പുറത്താകുമ്പോള്‍ ന്യൂസിലന്‍ഡ് 293-റണ്‍സിലെത്തിയിരുന്നു. തുടര്‍ന്നും ബ്രേസ്വെല് തകര്‍ത്തടിച്ചുകൊണ്ടേയിരുന്നു.
മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയും മത്സരത്തില്‍ പിടിമുറുക്കി. അവസാന ഓവറില്‍ 20-റണ്‍സാണ് കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ സിക്സടിച്ചാണ് ബ്രേസ്വെല് തുടങ്ങിയത്. ഇന്ത്യ പരാജയം മുഖാമുഖം കണ്ടെങ്കിലും രണ്ടാം പന്തില്‍ ബ്രേസ്വെല്ലിനെ പുറത്താക്കി ശാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. 78-പന്തില്‍ 140-റണ്‍സെടുത്ത ബ്രേസ്വെല് ഏവരുടേയും കയ്യടിനേടിയാണ് മടങ്ങിയത്.
നേരത്തേ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 349 റണ്‍സെടുത്തു.
145 പന്തിലാണ് ഗില്‍ ഇരട്ട സെഞ്ചുറി നേടിയത്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തം പേരിലാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് ഇരട്ട സെഞ്ചുറി നേടിയ ഇഷാന് കിഷന്റെ റെക്കോര്‍ഡാണ് 23 കാരനായ ഗില്‍ മറികടന്നത്. ഏകദിനത്തില്‍ ഇന്ത്യക്കായി ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ് ഗില്‍.
49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സര്‍ പായിച്ചാണ് ഗില്‍ 200 പൂര്‍ത്തിയാക്കിയത്. ഓപ്പണറായി ഇറങ്ങിയ താരം അവസാന ഓവറിലാണ് പുറത്തായത്. 19 ഫോറും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ വെടിക്കെട്ട് ഇന്നിങ്സ്. 87 പന്തിലാണ് ഗില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 122 പന്തുകളില്‍ 150 റണ്‍സിലേക്കെത്തിയ ഗില്ലിന് പിന്നീട് 200 തികയ്ക്കാന്‍ വേണ്ടിവന്നത് വെറും 23 പന്തുകള്‍ മാത്രമാണ്.
ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് തികച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മത്സരത്തില്‍ ഗില്‍ സ്വന്തം പേരിലാക്കി. 19 ഇന്നിങ്സിലാണ് ഗില്‍ 1000 റണ്‍സ് പിന്നിട്ടത്. 24 ഇന്നിങ്സില്‍ 1000 റണ്‍സ് തികച്ച വിരാട് കോലിയുടെയും ശിഖര്‍ ധവാന്റെയും റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്. ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് തികച്ച ലോക താരങ്ങളുടെ പട്ടികയില്‍ പാകിസ്താന്റെ ഇമാം ഉള് ഹഖിനൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഗില്ലിന് സാധിച്ചു. 19 ഇന്നിങ്സിലാണ് ഇരുവരും ഈ നേട്ടത്തിലെത്തിയത്. 18 ഇന്നിങ്സില്‍ 1000 റണ്‍സ് പിന്നിട്ട പാക് താരം ഫഖര്‍ സമാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (38 പന്തില്‍ 34 റണ്‍സ്), വിരാട് കോലി (10 പന്തില്‍ എട്ട് റണ്‍സ്), ഇഷാന് കിഷന് (14 പന്തില്‍ അഞ്ച് റണ്‍സ്), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 31 റണ്‍സ്), ഹര്‍ദ്ദിക് പാണ്ഡ്യ (38 പന്തില്‍ 28 റണ്‍സ്), വാഷിങ്ടണ്‍ സുന്ദര്‍ (14 പന്തില്‍ 12 റണ്‍സ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനങ്ങള്‍. ന്യൂസിലന്‍ഡിനായി ഹെന്റി ഷിപ്ലി, ഡാരിയല്‍ മിച്ചല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: India vs New Zealand: Shubman Gill youngest batter to hit ODI double hundred
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..