മത്സരം കാണാനെത്തിയവർ | Photo: AP
ഹൈദരാബാദ്: ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ ഏകദിനത്തില്‍ നിറഞ്ഞുകവിഞ്ഞ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം. ശ്രീലങ്കയ്ക്കതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കാണികള്‍ കുറഞ്ഞത് ചര്‍ച്ചയായതിന് പിന്നലെയാണ് ഹൈദരാബാദിലെ നിറഞ്ഞ സ്റ്റേഡിയം ശ്രദ്ധേയമാവുന്നത്. ഹൈദരാബാദിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് കാര്യവട്ടത്തേക്കാള് കൂടുതലായിട്ടും കാണികള്‍ നിറഞ്ഞതില്‍ വിമര്‍ശനവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
നികുതികള്‍ കൂടാതെ കാര്യവട്ടം സ്റ്റേഡിയത്തില്‍ 500 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റില്‍, ഒമ്പത് ശതമാനം കേന്ദ്ര ജി.എസ്.ടിക്കും അത്രതന്നെ സംസ്ഥാന ജി.എസ്.ടിക്കും പുറമേ 12 ശതമാനം വിനോദനികുതിയും വരുമ്പോള്‍ ടിക്കറ്റ് നിരക്ക് 650 രൂപയാവും. അതേസമയം, 850 രൂപയായിരുന്നു ഹൈദരാബാദിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. കാര്യവട്ടത്തെ മത്സരം ഞായറാഴ്ച നടന്നപ്പോള്‍, പ്രവൃത്തി ദിവസമായ ബുധനാഴ്ചയാണ് ഹൈദരാബാദില്‍ മത്സരം നടന്നതെന്നും ആളുകള്‍ ഒഴുകിയെത്തിയതെന്നതും ശ്രദ്ധേയമാണ്.
38,000 സീറ്റുകളുള്ള കാര്യവട്ടം സ്റ്റേഡിയത്തില്‍ ആകെ കളി കണ്ടത് 16,210 പേരായിരുന്നു. ഇതില്‍ 6,201 ടിക്കറ്റുകളായിരുന്നു വിറ്റുപോയിരുന്നത്. 13,000ത്തോളം സീറ്റുകള്‍ സ്പോണ്‍സര്‍മാര്‍ ഉള്‍പ്പെടെയുള്ള കോംപ്ലിമെന്ററി പാസുകളായിരുന്നു. ഇതില്‍ പതിനായിരത്തോളം പേരായിരുന്നു കളി കാണാനെത്തിയത്. കാര്യവട്ടത്ത് അതിന് മുമ്പ് നടന്ന നാലുമത്സരങ്ങളില്‍ എല്ലാ ടിക്കറ്റുകളും വിറ്റുപോയപ്പോഴാണ് പട്ടിണികിടക്കുന്നവര്‍ മത്സരം കാണാന്‍ വരേണ്ടെന്ന മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കാണികള്‍ ഏകദിനത്തില്‍ നിന്ന് വിട്ടുനിന്നത്.
കോംപ്ലിമെന്ററി ടിക്കറ്റുകള്‍ ഉള്‍പ്പെടെ ഹൈദരാബാദ് സ്റ്റേഡിയത്തില്‍ 31,187 പേര് മത്സരം കാണാനെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ചുറിക്കൊപ്പം മത്സരത്തിലെ കാണികളുടെ സാന്നിധ്യവും ചര്‍ച്ച ചെയ്യപ്പെട്ടു. നേരത്തെ, കാര്യവട്ടം സ്റ്റേഡിയത്തില്‍ കാണികള്‍ കുറഞ്ഞത് ചൂണ്ടിക്കാട്ടി, ഏകദിന മത്സരങ്ങള്‍ക്ക് ആളുകുറയുകയാണോ എന്ന ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് രംഗത്തെത്തിയിരുന്നു.
ഹൈദരാബാദില്‍ കണികാണാന്‍ ആള്‍ക്കൂട്ടമെത്തിയതിന് പിന്നാലെ കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞതില്‍ വീണ്ടും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മന്ത്രിയേയും കേരളാ ക്രിക്കറ്റ് അസോസിയേഷനേയും പരസ്യമായും പരോക്ഷമായും പരിഹസിച്ചും വിമര്‍ശിച്ചും കോണ്‍ഗ്രസിന്റെ യുവനേതാക്കള്‍ രംഗത്തെത്തി. 'ഒരു പക്ഷെ ഇച്ചിരി പട്ടിണിയും പരിവട്ടവുമൊക്കെ ഉള്ളവരും അല്ലാത്തവരെയുമൊക്കെ കൊണ്ട് നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ ഗില്‍ 200 ക്ലബ്ബിലേക്ക് എന്നായിരുന്നു'- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ, മന്ത്രിക്കുള്ള പരിഹാസം. പ്രവൃത്തിദിവസമായിട്ടുപോലും സ്റ്റേഡിയം ഇരമ്പിയെന്നും തിരുവനന്തപുരത്തെ മാച്ച് കുളമാക്കിയ മന്ത്രിയും സര്‍ക്കാരും കെ.സി.എയും കേരളത്തോട് മാപ്പ് പറയണമെന്ന് ഉപാധ്യക്ഷന്‍ കെ.എസ്. ശബരീനാഥന് ആവശ്യപ്പെട്ടു. മാമനോടൊന്നും തോന്നല്ലേയെന്ന് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Content Highlights: india vs new zealand hyderabad rajiv gandhi stadium full
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..