കൊല്‍ക്കത്ത: വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇന്ത്യയുടെ ട്വന്റി 20 പരമ്പരയ്ക്കായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എത്തുമെന്ന് റിപ്പോര്‍ട്ട്. 

കോവിഡ് വാക്‌സിന്‍ എടുത്ത ശേഷമായിരിക്കും അദ്ദേഹം അഹമ്മദാബാദിലേക്ക് പോകുക. ജനുവരിയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വന്ന ശേഷം ഗാംഗുലി നടത്താന്‍ പോകുന്ന ആദ്യ യാത്രയാണിത്.

താന്‍ ട്വന്റി 20 പരമ്പരയ്ക്കായി അഹമ്മദാബാദിലേക്ക് പോകുമെന്ന് ഇന്ത്യ ടുഡെ സ്‌പോര്‍ട്‌സ് കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ബോറിയ മജുംദാറിന് നല്‍കിയ അഭിമുഖത്തിലാണ് ദാദ വ്യക്തമാക്കിയത്. 

ഇപ്പോള്‍ താന്‍ പൂര്‍ണമായും ആരോഗ്യവാനാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ജനുവരിയില്‍ വീട്ടില്‍ വ്യായാമത്തിനിടെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. അദ്ദേഹത്തിന്റെ കൊറോണറി ധമനികളില്‍ മൂന്നിടത്ത് ബ്ലോക്ക് കണ്ടെത്തിയിരുന്നു.

Content Highlights: India vs England Sourav Ganguly to travel to Ahmedabad after getting vaccinated