ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് ഹര്‍ഭജന്‍ സിങ്ങ്. പാകിസ്താനെതിരേ കളിക്കാതെ തന്നെ ലോകകപ്പില്‍ കിരീടം നേടാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. 'ആജ് തകി'ന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം.

'വളരെ സങ്കടകരമായ സമയമാണിത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം. പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണം. അല്ലെങ്കില്‍ അവര്‍ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കും. 

ഇന്ത്യയെന്ന രാജ്യമാണ് ഏറ്റവും വലുത്. ആ രാജ്യത്തിന് പിന്നില്‍ നമ്മള്‍ അണിനിരക്കണം. നമ്മുടെ ജവാന്‍മാര്‍ ആക്രമിക്കപ്പെടുമ്പോള്‍ ഏത് കായിക ഇനമാണെങ്കിലും അത് മാറ്റിവെയ്ക്കണം. ക്രിക്കറ്റോ ഹോക്കിയോ ആയിക്കൊള്ളട്ടെ. പാകിസ്താനുമായി ഇനി മത്സരം വേണ്ട. ഹര്‍ഭജന്‍ അഭിമുഖത്തില്‍ പറയുന്നു.

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ആരാധകര്‍ക്ക് പുറമെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയും(സിസിഐ) ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താന്‍ നിലപാട് മാറ്റുന്നതുവരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ ഉണ്ടാവില്ലെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു. ലോകകപ്പ് ക്രിക്കറ്റ് തുടങ്ങാന്‍ ഇനിയും സമയമുണ്ടെന്നതിനാല്‍  ലോകകപ്പില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട കാര്യമില്ലെന്നും രാജീവ് ശുക്ല ചൂണ്ടിക്കാട്ടി. ജൂണ്‍ 16-നാണ് ലോകകപ്പില്‍ ഇന്ത്യാ-പാകിസ്താന്‍ മത്സരം.

Content Highlights:  India should not play Pakistan in 2019 ICC World Cup says Harbhajan Singh