ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യ രണ്ട് മെഡലുകള്‍ കൂടി സ്വന്തമാക്കി. മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റള്‍ എസ് എച്ച് 1 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി.

ഫൈനലില്‍ 218.2 പോയന്റ് നേടി പാരാലിമ്പിക്‌സ് റെക്കോഡോടെയാണ് മനീഷ് നര്‍വാള്‍ സ്വര്‍ണം നേടിയത്. 216.7 പോയന്റ് നേടിക്കൊണ്ട് സിങ് രാജ് വെള്ളി മെഡല്‍ നേടി. 

സിങ് രാജ് ടോക്യോ പാരാലിമ്പിക്‌സില്‍ നേടുന്ന രണ്ടാമത്തെ മെഡലാണിത്. 

ഈ ഇനത്തിലെ ലോകറെക്കോഡുകാരനായ നര്‍വാള്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. യോഗ്യതാ മത്സരത്തില്‍ ഏഴാം സ്ഥാനം മാത്രമാണ് നര്‍വാളിന് ലഭിച്ചത്. സിങ് രാജിന്  നാലാം സ്ഥാനമായിരുന്നു. എന്നാല്‍ ഫൈനലില്‍ ഇരുവരും ഫോമിലേക്കുയര്‍ന്നു. റഷ്യയുടെ സെര്‍ജി മലിഷേവ് ഈ ഇനത്തില്‍ വെങ്കലം നേടി.

സ്വര്‍ണവും വെള്ളിയും നേടിയതോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 15 മെഡലുകളാണ് ഇന്ത്യയുടെ ശേഖരത്തിലുള്ളത്. 

Content Highlights: India's Manish Narwal bags gold, Singhraj Adhana claims silver in Mixed 50m Pistol SH1