മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് മുന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന സന്ദീപ് പാട്ടീല്‍. മികച്ച തുടക്കം ലഭിച്ചിട്ടും അതു പ്രയോജനപ്പെടുത്താതിരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് ഇരയായത്. നാല് ഇന്നിങ്‌സില്‍ നിന്ന് 21.50 ബാറ്റിങ് ശരാശരിയില്‍ 91 റണ്‍സാണ് പരമ്പരയില്‍ രഹാനെ നേടിയത്.

തട്ടീംമുട്ടീം കളിച്ച് കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന രഹാനെയെപ്പോലുള്ള താരങ്ങളാണ് ഇന്ത്യയുടെ തോല്‍വിക്ക് ഉത്തരവാദികളെന്നും പ്രധാന താരങ്ങള്‍ ഇത്തരത്തില്‍ പ്രതിരോധിച്ച് നിന്നാല്‍ എതിര്‍ ടീമിന്റെ ബൗളിങ് ഗംഭീരമാണെന്ന് പിന്നീട് ബാറ്റിങ്ങിന് ഇറങ്ങുന്നവര്‍ ധരിക്കുമെന്നും സന്ദീപ് പാട്ടീല്‍ പറയുന്നു. രഹാനെയുള്‍പ്പെടെയുള്ള താരങ്ങളെ തിരുത്തിക്കൊടുക്കേണ്ട പരിശീലകന്‍ രവി ശാസ്ത്രി എവിടെയാണെന്നും സന്ദീപ് പാട്ടീല്‍ ചോദിച്ചു.

'ഈ സീസണില്‍ മുംബൈയ്ക്കായി ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കുമ്പോഴും രഹാനേയുടെ ബാറ്റിങ് മന്ദഗതിയിലായിരുന്നു. പരാജയപ്പെടുമെന്ന പേടിയില്‍നിന്നാണ് ഇത്തരത്തില്‍ പ്രതിരോധിച്ചുകളിക്കാനുള്ള പ്രചോദനമുണ്ടാകുന്നത്. ചില മത്സരങ്ങളില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു രഹാനെ. വിദേശത്ത് മികച്ച റെക്കോഡുമുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാം ചരിത്രത്തില്‍ മാത്രമാണുള്ളത്. കളത്തില്‍ കാണുന്നില്ല. ഒരു ടെസ്റ്റ് കളിക്കാരന്‍ എന്ന നിലയിലാണ് രഹാനെ അറിയപ്പെടുന്നത്. ഇതോടെ മറ്റു ഫോര്‍മാറ്റില്‍ നിന്ന് പുറത്തായി.' സന്ദീപ് പാട്ടീല്‍ വ്യക്തമാക്കുന്നു.

ഇങ്ങനെ മുട്ടിക്കളിക്കുന്നത് സാങ്കേതികമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് തെളിയിക്കാനാണ്. എന്തുവിലകൊടുത്തും ക്രീസില്‍ തുടരുക എന്നതാണ് ഇവരുടെ ലക്ഷ്യം. വെറുതെ ക്രീസില്‍ നില്‍ക്കാനാണെങ്കില്‍ വല്ല സെക്യൂരിറ്റി ജീവനക്കാരനേയും വിളിച്ചാല്‍ പോരേ? ടീമിന് ആവശ്യമായ റണ്‍സ് ആരു കണ്ടെത്തും?-സന്ദീപ് പാട്ടീല്‍ ചോദിക്കുന്നു. 

പ്രതിരോധിച്ചു കളിച്ച് പന്ത് പാഴാക്കുന്നതില്‍ ടീമിന് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്ന് ഒന്നാം ടെസ്റ്റിലെ തോല്‍വിക്ക് ശേഷം വിരാട് കോലി വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്നകാണ് സന്ദീപ് പാട്ടിലീന്റെ പ്രതികരണം. ആദ്യ ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയെ ഉദ്ദേശിച്ചായിരുന്നു കോലിയുടെ പ്രസ്താവന. എന്നാല്‍ പിന്നീട് പൂജാരയ്ക്ക് പിന്തുണയുമായി വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെ രംഗത്തെത്തിയിരുന്നു.

Content Highlights: India’s former chief selector Sandeep Patil slams Ajinkya Rahane