ന്യൂഡല്‍ഹി: അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഇതിഹാസ താരം പറക്കും സിഖ് മില്‍ഖാ സിങ്ങും കുടുംബവും കോവിഡിന്റെ പശ്ചാത്തലത്തില്‍ ചണ്ഡിഗഢിലെ സെക്ടര്‍ എട്ടിലെ വീട്ടിലാണ്. ഭാര്യ നിര്‍മല്‍ കൗറും മകനും ഗോൾഫ് താരവുമായ ജീവ് മില്‍ഖാ സിങ്ങും അദ്ദേഹത്തിനൊപ്പം വീട്ടിലുണ്ട്. എന്നാല്‍ ഒരു കാലത്ത് ട്രാക്കിനെ വിറപ്പിച്ച മില്‍ഖയുടെ മകളാകട്ടെ ഇന്ന് കോവിഡിനെതിരായ പോരാട്ടത്തിലാണ്.

ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റണ്‍ ആശുപത്രിയിലെ ഡോക്ടറാണ് മില്‍ഖയുടെ മകള്‍ ഡോ. മോന സിങ്. കഴിഞ്ഞ 45 ദിവസത്തോളമായി മോന കോവിഡ്-19 മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കാനുള്ള പോരാട്ടത്തിലാണ്. 20 വര്‍ഷത്തോളമായി അമേരിക്കയില്‍ ഡോക്ടറാണ് 54-കാരിയായ മോന.

കോവിഡ് മൂലം അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുടെ വാര്‍ഡിലാണ് മോനയ്ക്ക് ഡ്യൂട്ടി. 12 മണിക്കൂറാണ് ഷിഫ്റ്റ്.

നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള നഗരമാണ് ന്യൂയോര്‍ക്ക്. 1,30,000-ലേറെ കേസുകളും പതിനായിരത്തിലേറെ മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlights: India's Flying Sikh Milkha Singh’s daughter battles Covid-19 in US