Photo: AFP
ലോര്‍ഡ്സിലെ രാജകീയ ബാല്‍ക്കണിയില്‍ ആദ്യമായി ത്രിവര്‍ണം പാറിപ്പറന്നത് 1983-ലാണ്. ഏകദിന ലോകകിരീടവുമായി കപില്‍ദേവും സംഘവും അന്ന് ക്രിക്കറ്റിന്റെ കളിത്തൊട്ടിലില്‍ ആടിത്തിമര്‍ത്തു. 2002-ല്‍ ഇതേ ബാല്‍ക്കണിയില്‍ സൗരവ് ഗാംഗുലി ജേഴ്‌സിയൂരി ലോകത്തിന് മുന്നില്‍ തന്റെ ഇരട്ടച്ചങ്ക് കാണിച്ചു. നാറ്റ്വെസ്റ്റ് ട്രോഫി ഏകദിന ഫൈനലില്‍ ഇംഗ്ലണ്ടിന്റെ 326 റണ്‍സ് മറികടന്നപ്പോഴാണ് ഗാംഗുലി നെഞ്ചുവിരിച്ച് ആഘോഷിച്ചത്.
ആ ഗ്രൗണ്ടില്‍ തിങ്കളാഴ്ച രാത്രി വിരാട് കോലിയും സംഘവും ഒരിക്കല്‍കൂടി വിജയപതാക ഉയര്‍ത്തി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആവേശം കുതിച്ചുകയറിയ ക്ലൈമാക്‌സിനൊടുവില്‍ ഇന്ത്യയുടെ 151 റണ്‍സ് വിജയം ചരിത്രത്തില്‍ ഇടംപിടിക്കുന്നതായി. തിങ്കളാഴ്ചത്തെ ടെസ്റ്റ് വിജയത്തിലെ മുഹൂര്‍ത്തങ്ങളിലൂടെ...
വാല്‍ അല്ല 'വാല്യു'
മുഹമ്മദ് ഷമിയ്ക്കും ജസ്പ്രീത് ബുംറയ്ക്കും എന്താണ് സംഭവിച്ചത്? പൊടുന്നനെ രൂപാന്തരം പ്രാപിക്കുന്ന വിസ്മയവിദ്യ. ടെസ്റ്റിലെ അഞ്ചാംദിനമായ തിങ്കളാഴ്ച ബാറ്റിങ് തുടങ്ങുമ്പോള്‍ ഇന്ത്യ 154 റണ്‍സിന് മുന്നിലായിരുന്നു. രക്ഷകനാവുമെന്ന് കരുതിയ ഋഷഭ് പന്ത് പെട്ടെന്ന് മടങ്ങി. മൂന്ന് വിക്കറ്റ് ബാക്കിനില്‍ക്കെ 167 റണ്‍സ് മാത്രം ലീഡ്. ഏതുസമയവും കഥ കഴിയാമെന്ന സ്ഥിതി. എന്നാല്‍, ഒമ്പതാം വിക്കറ്റില്‍ ഒന്നിച്ച ഷമിയും ബുംറയും മത്സരം മാറ്റിമറിച്ചു. തങ്ങള്‍ വാല്‍ അല്ല വാല്യു ആണെന്ന് അവര്‍ തെളിയിച്ചു. ഒമ്പതാം വിക്കറ്റില്‍ ഈ സഖ്യം പുറത്താവാതെ നേടിയത് 89 റണ്‍സ്. ബൗണ്‍സറുകളിലൂടെ ഇവരെ വിരട്ടാനുള്ള ഇംഗ്ലീഷ് ബൗളര്‍മാരുടെ ശ്രമം തിരിച്ചടിച്ചു. അതോടെ ഷമിക്കും ബുംറയ്ക്കും വാശിയായി. ഒരു കൂറ്റന്‍ സിക്‌സറിലൂടെയാണ് ഷമി അര്‍ധസെഞ്ചുറി കുറിച്ചത്. ആരെങ്കിലും വിചാരിച്ചിരുന്നോ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാനാവുമെന്ന്. പക്ഷേ, കോലി അത് ചെയ്തു. ഇംഗ്ലണ്ടിന് ലക്ഷ്യം 272. ബാറ്റിങ്ങിലെ പ്രതാപം ബുംറയും ഷമിയും ബൗളിങ്ങിലും തുടര്‍ന്നു. ഇംഗ്ലീഷ് ഇന്നിങ്സ് തുടങ്ങി കണ്ണടച്ചുതുറക്കുംമുമ്പ് രണ്ട് വിക്കറ്റുകള്‍ നിലംപൊത്തി. ഓപ്പണര്‍ റോറി ബേണ്‍സിനെ ബുംറയും ഡോം സിബ്ലിയെ ഷമിയും പൂജ്യത്തിന് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ നടുവൊടിഞ്ഞു.
ആളിക്കത്തി സിറാജ്
രണ്ട് ഇന്നിങ്സിലും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനും ഈ വിജയത്തില്‍ വലിയ പങ്കുണ്ട്. രണ്ടാം ഇന്നിങ്സിലെ 39-ാം ഓവറില്‍ മോയിന്‍ അലിയെയും സാം കറനെയും അടുത്തടുത്ത പന്തുകളിലാണ് സിറാജ് മടക്കിവിട്ടത്. കളിതീര്‍ന്ന 52-ാം ഓവറിലും രണ്ട് വിക്കറ്റ്. രണ്ടാം പന്തില്‍ ജോസ് ബട്ലര്‍ പുറത്തായതാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അവസാനിപ്പിച്ചത്. 96 പന്ത് നേരിട്ട ബട്ലര്‍ രണ്ടര മണിക്കൂറോളം ചെറുത്തുനിന്നു. ആ ഓവറിലെ അഞ്ചാം പന്തില്‍ ജെയിംസ് ആന്‍ഡേഴ്സന്റെ സ്റ്റമ്പുകള്‍ തകര്‍ന്നു. ഇന്ത്യയ്ക്ക് ജയം. വിരാട് കോലിയുടെ വിജയനൃത്തം.
കെ.എല്‍. 129
സെഞ്ചുറി കെ.എല്‍. രാഹുലിന് പുത്തരിയല്ല. ഏകദിന അരങ്ങേറ്റത്തിലും ടെസ്റ്റില്‍ രണ്ടാമത്തെ മാത്രം മത്സരത്തിലും രാഹുല്‍ സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാല്‍ ലോര്‍ഡ്സിലെ ഒന്നാം ഇന്നിങ്സില്‍ നേടിയ 129 റണ്‍സിന് ഒരു വിജയത്തിന്റെ വിലയുണ്ട്. ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ട രാഹുല്‍ മാന്‍ ഓഫ് ദി മാച്ച് ആയി.
പുജാര-രഹാനെ സഖ്യം
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മൂന്നുവിക്കറ്റിന് 55 റണ്‍സില്‍ നില്‍ക്കേ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പുജാര- അജിന്‍ക്യ രഹാനെ സഖ്യത്തിനും ഈ വിജയത്തില്‍ അഭിമാനിക്കാനുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ 206 പന്തുകള്‍ നേരിട്ട് പുജാര 45 റണ്‍സെടുത്തപ്പോള്‍ 146 പന്തുകള്‍ നേരിട്ട രഹാനെ 61 റണ്‍സെടുത്തു.
Content Highlights: India's Epic Win vs England At Lords
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..