ധാക്ക: ബംഗ്ലാദേശില്‍ നടന്ന ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാ സ്ഥാനം നേടി ഇന്ത്യ. ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചപ്പോള്‍ ഇന്ത്യ ഒരു സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം ഏഴ് മെഡലുകള്‍ സ്വന്തമാക്കി. 9 സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമടക്കം 15 മെഡലുകള്‍ നേടിയ ദക്ഷിണ കൊറിയയാണ് ഒന്നാമത്. മൂന്ന് മെഡലുകള്‍ നേടിയ ബംഗ്ലാദേശ് മൂന്നാം സ്ഥാനം നേടി.

അവസാന ദിനത്തില്‍ ഇന്ത്യ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. റികര്‍വ് വിഭാഗത്തില്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ വെള്ളി മെഡല്‍ നേടി. 

ഇരുടീമുകളും ഫൈനലില്‍ ദക്ഷിണ കൊറിയയോട്‌ പരാജയപ്പെടുകയായിരുന്നു. വനിതാ വിഭാഗത്തില്‍ അങ്കിത ഭഗത്, റിഥി ഫോര്‍, മധു വേദ്വാന്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. സൗത്ത് കൊറിയയുടെ റ്യൂ സു യങ്, ഓ യെജിന്‍, ലിം ഹേജിന്‍ സഖ്യമാണ് ഇന്ത്യയെ തകര്‍ത്തത്. സ്‌കോര്‍ 6-0. 

പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പ്രവീണ്‍ യാദവ്, പാര്‍ഥ് സുലംഘെ, കപില്‍ എന്നിവരാണ് മത്സരിച്ചത്. ഫൈനലില്‍ 6-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം ദക്ഷിണ കൊറിയയോട് തോല്‍വി വഴങ്ങിയത്. ലിയോ സിയുഗ്യുന്‍, കിം ജൂങ്, ഹാന്‍ വൂ ടാക് എന്നിവരാണ് ദക്ഷിണ കൊറിയയ്ക്ക് വേണ്ടിയിറങ്ങിയത്. 

മിക്‌സഡ് റീകര്‍വ് ടീം ഇനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. ഇന്ത്യയുടെ അങ്കിത ഭഗത്-കപില്‍ സഖ്യം ഉസ്‌ബെകിസ്താനെ കീഴടക്കിയാണ് വെങ്കലം നേടിയത്. സ്‌കോര്‍ 6-0.

Content Highlights: India's Campaign Ends With Seven Medals in Asian Archery Championships