Photo: twitter.com|TheHockeyIndia
ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. സെമി ഫൈനലില്‍ ജപ്പാനാണ് ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാക്കള്‍ കൂടിയായ ഇന്ത്യയെ അട്ടിമറിച്ചത്. മൂന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ജപ്പാന്റെ വിജയം.
ജപ്പാന് വേണ്ടി ടനക ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഷോട്ട യമാന്‍ഡ, റൈകി ഫുജിഷിമ, കോസെയ് കവാബി എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്ക് വേണ്ടി ദില്‍പ്രീത്, ഹര്‍മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ് എന്നിവര്‍ ഗോള്‍ നേടി.
ഈ വിജയത്തോടെ ജപ്പാന്‍ ഫൈനലില്‍ പ്രവേശിച്ചു. കലാശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയാണ് ജപ്പാന്റെ എതിരാളികള്‍. ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് നേരിട്ട് യോഗ്യത നേടിയ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വിയോടെ മൂന്നാം സ്ഥാനത്തിനായി മത്സരിക്കും. ലൂസേഴ്‌സ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.
ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് ജപ്പാനെ തകര്‍ത്തിരുന്നു. എന്നാല്‍ സെമിയില്‍ ആ മികവിന്റെ അടുത്തെത്തുന്ന പ്രകടനം പോലും പുറത്തെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഒരു ഘട്ടത്തില്‍ 5-1 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ സ്‌കോര്‍ 5-3 ല്‍ എത്തിച്ചത്.
ആദ്യ ക്വാര്‍ട്ടറില്‍ 2-0 എന്ന സ്‌കോറിന് ജപ്പാന്‍ മുന്നില്‍ നിന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ജപ്പാന്‍ ഒരു ഗോള്‍ കൂടി നേടി ആദ്യ പകുതിയില്‍ 3-1 ന് മുന്നിലെത്തി.
മൂന്നാം ക്വാര്‍ട്ടറില്‍ തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് ജപ്പാന്‍ 5-1 ന്റെ തകര്‍പ്പന്‍ ലീഡ് സ്വന്തമാക്കി. നാലാം ക്വാര്‍ട്ടറില്‍ രണ്ട് ഗോളടിച്ച് കൊണ്ട് ഇന്ത്യ പരാജയഭാരം കുറച്ചു. അനായാസ വിജയം സ്വപ്‌നം കണ്ടുവന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ജപ്പാന്‍ നല്‍കിയത്.
Content Highlights: India Lose 3-5 vs Japan In Semi-Final of Asian Champions Trophy Hockey 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..