ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ വെട്ടിലായത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്ങ്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പേരും തന്റെ പേരും ഒന്നായതാണ് താരത്തിന് തലവേദനയായത്. പഞ്ചാബ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ തന്റെ പേര് ടാഗ് ചെയ്യരുതെന്ന് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ട്വീറ്റ് ചെയ്യുന്നു.

'പ്രിയപ്പെട്ട മാധ്യമങ്ങളേ, മാധ്യമപ്രവര്‍ത്തകരേ... ഞാന്‍ അമരീന്ദര്‍ സിങ്ങ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍കീപ്പര്‍. പഞ്ചാബിന്റെ മുന്‍ മുഖ്യമന്ത്രിയല്ല. ദയവായി എന്നെ ടാഗ് ചെയ്യുന്നത് നിര്‍ത്തൂ...', അമരീന്ദര്‍ സിങ്ങ് ട്വീറ്റ് ചെയ്തു. 

ഇന്ത്യന്‍ താരത്തിന്റെ ഈ ട്വീറ്റ് പഞ്ചാബിന്റെ മുന്‍ മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ്ങ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'സുഹൃത്തേ... നിന്റെ അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു. ഇനിയുള്ള മത്സരങ്ങള്‍ക്ക് എന്റെ എല്ലാ ഭാവുകങ്ങളും'  അമരീന്ദര്‍ റീട്വീറ്റില്‍ പറയുന്നു. 

പഞ്ചാബിലെ മഹില്‍പുരില്‍ നിന്നുള്ള ഫുട്‌ബോള്‍ താരമാണ് അമരീന്ദര്‍ സിങ്. ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്റെ ഗോള്‍കീപ്പറാണ്‌. 2017 മുതല്‍ 2021 വരെ മുംബൈ സിറ്റിയുടെ ഗോള്‍ വല കാത്തിരുന്ന അമരീന്ദര്‍, ഈ വര്‍ഷമാണ് എടികെ മോഹന്‍ ബഗാനിലേക്ക് എത്തിയത്. എഎഫ്‌സി എഷ്യാ കപ്പില്‍ എടികെയ്ക്ക് വേണ്ടി നാല് മത്സരങ്ങളില്‍ കളിച്ചു. അതേസമയം, കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സാഫ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. ഒക്ടോബര്‍ ഒന്നിന് തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പില്‍ അമരീന്ദറിന് പകരം ധീരജ് സിങ്ങ് ഇടം നേടി. 

അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന അമരീന്ദര്‍ സിങ് അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരില്ലെന്നും ബിജെപിയിലേക്ക് കൂടുമാറില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമരീന്ദറിന്റെ പ്രതികരണം. 

 

Content Highlights: India goalkeeper Amrinder Singh clarifies he is not former Punjab CM