ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ തോല്‍വിക്കു പിന്നാലെ ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി കനത്ത പിഴയും.

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് ഫീയുടെ 80 ശതമാനമാണ് ടീം ഇന്ത്യ പിഴയായി നല്‍കേണ്ടത്. അനുവദിച്ച സമയം അവസാനിച്ചപ്പോള്‍ ഇന്ത്യ നാല് ഓവര്‍ എറിയാന്‍ ബാക്കിയുണ്ടായിരുന്നു. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരായ ഷോണ്‍ ഹൈഗ്, ലാങ്ടണ്‍ റസറെ മൂന്നാം അമ്പയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ്, നാലാം അമ്പയര്‍ ക്രിസ് ബ്രൗണ്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാച്ച് റഫറി ക്രിസ് ബ്രോഡാണ് ഇന്ത്യയ്ക്ക് പിഴചുമത്തിയത്. 

ഐ.സി.സി പെരുമാറ്റച്ചട്ടം 2.22 വകുപ്പ് അനുസരിച്ചാണ് നടപടി. നിശ്ചയിച്ച സമയത്ത് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പിന്നീട് പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴചുമത്തുക. നാല് ഓവര്‍ എറിയാനുണ്ടായിരുന്നതിനാല്‍ പിഴ 80 ശതമാനത്തിലെത്തുകയായിരുന്നു.

ന്യൂസീലന്‍ഡ് പര്യടനത്തിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഇന്ത്യന്‍ ടീമിന് കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ പിഴ വിധിക്കുന്നത്. ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിലും അഞ്ചാം മത്സരത്തിലും ടീമിന് പിഴശിക്ഷ ലഭിച്ചിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 29 എക്‌സ്ട്രാ റണ്‍സും വഴങ്ങിയിരുന്നു. 24 വൈഡുകളും ഒരു നോബോളുമാണ് ബൗളര്‍മാര്‍ എറിഞ്ഞത്. 13 വൈഡുകളെറിഞ്ഞ ജസ്പ്രീത് ബുംറയാണ് ഈ പട്ടികയില്‍ മുന്നില്‍. മുഹമ്മദ് ഷമി ഏഴു വൈഡുകളാണ് എറിഞ്ഞത്.

Content Highlights: India Fined 80 Per Cent Match Fees For Slow Over Rate