ന്യൂഡല്‍ഹി: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ 15 സ്വര്‍ണ്ണം അടക്കം 30 മെഡലുമായി ആതിഥേയരായ ഇന്ത്യയുടെ തേരോട്ടം. 

രണ്ടാം സ്ഥാനത്തുള്ള അമേരിക്കയേക്കാള്‍ ബഹുദൂരം മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു. 15 സ്വര്‍ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. 

ടോക്കിയോ ഒളിമ്പിക്‌സിന് മുമ്പുള്ള അവസാനത്തെ പ്രധാന ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്.

രണ്ടാം സ്ഥാനത്തുള്ള യു.എസ്.എയ്ക്ക് ആകെ എട്ട് മെഡലുകളാണ് സ്വന്തമാക്കാനായിട്ടുള്ളത്. നാല് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് അവരുടെ സമ്പാദ്യം. 

അവസാന ദിനം പുരുഷന്‍മാരുടെ ട്രാപ്പ് ടീം വിഭാഗത്തില്‍ ഷോട്ട്ഗണ്‍ ഷൂട്ടര്‍മാരായ പൃഥ്വിരാജ് തോണ്‍ഡായ്മാന്‍, ലക്ഷയ് ഷിയോറന്‍, കൈനന്‍ ചെനായ് സഖ്യം സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം 15 ആയത്. 

അതിനുമുമ്പ്, വനിതകളുടെ ട്രാപ്പ് ടീം ഫൈനലില്‍ ശ്രേയസി സിങ്, രാജേശ്വരി കുമാരി, മനീഷ കീര്‍ സഖ്യം കസാഖിസ്ഥാനെ 6-0ന് തോല്‍പ്പിച്ച് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.

Content Highlights: India ended ISSF World Cup campaign with 30 medals including 15 gold