ലൗസന്നെ (സ്വിറ്റ്‌സര്‍ലന്‍ഡ്): 2020-2021 സീസണിലെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്) ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്‌കാര പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ്. 

ഇന്ത്യയുടെ ഡ്രാഗ് ഫ്‌ളിക്കര്‍മാരായ ഹര്‍മന്‍പ്രീത് സിങ്ങും ഗുര്‍ജിത് കൗറും യഥാക്രമം മികച്ച പുരുഷ വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി. 

ഇന്ത്യന്‍ പുരുഷ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഇന്ത്യന്‍ വനിതാ ടീം ഗോള്‍കീപ്പര്‍ സവിത പുനിയ മികച്ച വനിതാ ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച പുരുഷ വനിതാ ടീം പരിശീലകര്‍ക്കുള്ള പുരസ്‌കാരവും ഇന്ത്യന്‍ പരിശീലകരായിരുന്ന ഗ്രഹാം റെയ്ഡും (പുരുഷ ടീം) സ്യോര്‍ദ് മാരിനും (വനിതാ ടീം) സ്വന്തമാക്കി. 

വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു വോട്ടിങ്. ദേശീയ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ക്യാപ്റ്റന്‍മാരും പരിശീലകരും വോട്ടിങ്ങില്‍ പങ്കെടുത്തു. കളിക്കാരും മാധ്യമപ്രവര്‍ത്തകരും വോട്ടിങ്ങില്‍ പങ്കെടുത്തിരുന്നു. 

ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്രനേട്ടമാണ് ഇന്ത്യന്‍ ഹോക്കി ടീമുകള്‍ സ്വന്തമാക്കിയത്. പുരുഷ ടീം 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിച്ച് വെങ്കല മെഡല്‍ സ്വന്തമാക്കിയപ്പോള്‍ വനിതാ ടീം സെമിയില്‍ കടന്ന് നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

Content Highlights: India dominated the International Hockey Federation Hockey Stars Awards